“ലോകത്തിലെ ഏറ്റവും മികച്ച നാല് പേരിലൊരാളാണ് നമ്മൾ; പോരാട്ടം തുടരണം..”; ആരാധകർക്ക് ആവേശമായി മെസിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഈ ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു ഇന്നലെ നടന്ന രണ്ടാം ക്വാർട്ടർ ഫൈനൽ. അർജന്റീനയും നെതർലൻഡ്സും തമ്മിൽ നടന്ന മത്സരത്തിന്റെ വീറും വാശിയും കളത്തിന് പുറത്തേക്കും നീണ്ടു. നിശ്ചിത സമയം അവസാനിച്ചപ്പോൾ 2-2 എന്ന നിലയിൽ നിന്നിരുന്ന ടീമുകൾക്ക് അധിക സമയത്തും ഗോളടിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഷൂട്ടൗട്ടിൽ ഓറഞ്ച് പടയെ തകർത്തെറിയുകയായിരുന്നു അർജന്റീന. 4-3 ന്റെ വിജയമാണ് മെസിയും സംഘവും സ്വന്തമാക്കിയത്. രണ്ട് തകർപ്പൻ സേവുകളുമായി അർജന്റീന ഗോളി എമി മാർട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. നേരത്തെ മെസി, നിഹ്വെൽ മൊളീന എന്നിവരുടെ ഗോളുകളിലാണ് അർജന്റീന മുന്നിലെത്തുന്നത്.
ഇപ്പോൾ മത്സരശേഷം മെസി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച നാലിൽ ഒരാളാണ്, ഒത്തൊരുമിച്ച് പോരാടി വരും മത്സരങ്ങൾ വിജയിക്കാമെന്നാണ് അർജന്റീനയുടെ നായകൻ കൂടിയായ മെസി കുറിച്ചത്. “മുഴുവൻ ടീമും എങ്ങനെ പോരാടി എന്നത് ശ്രദ്ധേയമാണ്, ഒരിക്കൽ കൂടി ഒരുമിച്ച്, കളിക്കളത്തിൽ എങ്ങനെ കഷ്ടപ്പെടണമെന്ന് നമുക്ക് അറിയാം. നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച നാലിൽ ഒരാളാണ്, നമുക്ക് വരും മത്സരത്തിലേക്ക് ഒരുമിച്ച് പോകാം”- ലയണൽ മെസി ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മെസിയുടെ പ്രതികരണം.
Read More: നെയ്മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ
അതേ സമയം ലോകകപ്പിൽ സെമിയിലേക്ക് പ്രവേശിക്കുന്ന അവസാന രണ്ട് ടീമുകളെ ഇന്നറിയാം. രാത്രി 8.30 ന് നടക്കുന്ന മൂന്നാം ക്വാർട്ടർ മത്സരത്തിൽ മൊറോക്കോ പോർച്ചുഗലിനെ നേരിടുമ്പോൾ ഇംഗ്ലണ്ടും ലോകചാമ്പ്യന്മാരായ ഫ്രാൻസും തമ്മിലുള്ള മത്സരം 12.30 നാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പെയും സെമിയിൽ ഏറ്റുമുട്ടുമോ എന്ന ചോദ്യത്തിനും ഇന്ന് ഉത്തരം ലഭിക്കും.
Story Highlights: Messi facebook post goes viral