‘ഞാൻ തയ്യാർ, അസാധ്യമായി ഒന്നുമില്ല നമുക്കൊരുമിച്ച് വിജയിക്കാം..”; ഫൈനൽ മത്സരത്തിന് മുൻപുള്ള ലയണൽ മെസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

December 18, 2022

ഇതിഹാസ താരം ലയണൽ മെസി തന്റെ അവസാന ലോകകപ്പ് മത്സരത്തിനായിട്ടാണ് ഇന്നിറങ്ങുന്നത്. രാത്രി 8.30 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെയാണ് മെസിയുടെ അർജന്റീന നേരിടുന്നത്. മെസിക്ക് വേണ്ടി ലോക കിരീടം നേടാനുറച്ചാണ് അർജന്റീന ഇന്നിറങ്ങുന്നത്.

ഇപ്പോൾ മത്സരത്തിന് മുൻപ് മെസി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. “ഞാൻ തയ്യാർ. നമുക്ക് ഒരുമിച്ച് വിജയിക്കാം അർജന്റീന !! അസാധ്യമായി ഒന്നുമില്ല..”- എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് മെസി കുറിച്ചത്.

സെമിയിൽ ക്രൊയേഷ്യയെ എതിരില്ലാത്ത 3 ഗോളിന് തകർത്താണ് അർജന്റീന ഫൈനലിൽ പ്രവേശിച്ചത്. അതേ സമയം ഈ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്ന മൊറോക്കോയെ എതിരില്ലാത്ത 2 ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ഫൈനലിന് യോഗ്യത നേടിയത്. തുല്യ ശക്തികളായ അർജന്റീനയും ഫ്രാൻസും ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ മികച്ച മത്സരമായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read More: ജേഴ്‌സിയണിയുന്ന ടീം തോൽക്കും, വ്യത്യസ്‌തമായ പ്രവചനവുമായി ഒരു ആരാധകൻ; ഫൈനലിൽ ഏത് ജേഴ്‌സിയണിയുമെന്ന ആകാംക്ഷയോടെ ഫുട്‌ബോൾ പ്രേമികൾ

അതേ സമയം ഒരു മാസം നീണ്ടു നിന്ന കായിക മാമാങ്കത്തിനാണ് ഇന്ന് കൊടിയിറങ്ങുന്നത്. മലയാളികളടക്കം ലോകമെമ്പാടുമുള്ള ആരാധകരൊക്കെ വലിയ ആവേശത്തോടെയാണ് ഫൈനൽ മത്സരത്തിനായി കാത്തിരിക്കുന്നത്. പ്രവചനങ്ങൾക്കതീതമായ മത്സരമാണിത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട ലോകകപ്പാണ് ഖത്തറിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാന്‍ നിരവധി മലയാളികളും ഒരുങ്ങി കഴിഞ്ഞു. കാല്‍പ്പന്ത് കളിയെ ജീവിതത്തോട് ചേര്‍ത്തുപിടിക്കുന്ന മലയാളികള്‍ക്ക് ലോക പോരാട്ടങ്ങള്‍ കാണാന്‍ വലിയ അവസരങ്ങള്‍ ഒരുക്കിയാണ് ഖത്തര്‍ ലോകകപ്പ് 2022 വിടവാങ്ങുന്നത്.

Story Highlights: Messi facebook post goes viral