“കുറച്ചു മണിക്കൂറുകൾ കൂടി അതിനായി കാത്തിരിക്കൂ..”; മോഹൻലാൽ-ലിജോ ജോസ് ചിത്രത്തിന്റെ വരാനിരിക്കുന്ന വലിയൊരു പ്രഖ്യാപനം…

December 21, 2022

മലയാളത്തിന്റെ അഭിമാന താരകങ്ങളാണ് നടൻ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ഒടുവിൽ മോഹൻലാലും ലിജോയും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ ഒക്ടോബറിൽ നടന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ തുടങ്ങുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള വലിയൊരു അപ്ഡേറ്റ് വരാനിരിക്കുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സിനിമയെക്കുറിച്ചുള്ള പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബർ 23 ന് പ്രഖ്യാപിക്കുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം നടൻ മോഹൻലാലും തന്റെ ഫേസ്ബുക്ക് പേജിൽ ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്.

Read More: “വെല്ലുവിളികൾ നിറഞ്ഞ സിനിമയാണത്..”; മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ പറ്റി മനസ്സ് തുറന്ന് പൃഥ്വിരാജ്

“ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടായതല്ല റോമാ സാമ്രാജ്യം. മനുഷ്യന്റെ കഠിനധ്വാനത്തിന്റെ, പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങൾക്കു മുൻപ് മലയാളക്കര ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്. അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളിൽ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാൻ ഞങ്ങളെത്തുന്നു. കാത്തിരിപ്പിന് വിരാമമിടാം,ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക”- നിർമ്മാതാക്കൾ ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: Mohanlal-lijo movie new update