‘നൻപകൽ നേരത്ത് മയക്കം’ തിയേറ്റർ റിലീസ് തന്നെ; ഉറപ്പ് നൽകി ‘മമ്മൂട്ടി കമ്പനി’യുടെ ഫേസ്ബുക്ക് പോസ്റ്റ്

December 15, 2022

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള സംവിധായകന്റെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം.’ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെയേറെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്.

നേരത്തെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുമോ അതോ നേരിട്ട് ഒടിടി റിലീസ് ആയിരിക്കുമോ എന്ന് സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാലിപ്പോൾ ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. ‘നൻപകൽ നേരത്ത് മയക്കം’ നിർമ്മിച്ചിരിക്കുന്ന മമ്മൂട്ടി കമ്പനി ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിന്റെ തിയേറ്റർ റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. എന്നാണ് റിലീസ് എന്ന് അറിയിച്ചിട്ടില്ലെങ്കിലും അടുത്ത് തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് മമ്മൂട്ടി കമ്പനി അറിയിച്ചിരിക്കുന്നത്.

Read More: ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട ലോക സിനിമകൾ; ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ ചിത്രങ്ങളും

അതേ സമയം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. കഴിഞ്ഞ വർഷം നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുമ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. എസ്. ഹരീഷാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നേരത്തെ ലിജോയുടെ തന്നെ ‘ജല്ലിക്കട്ട്’, ‘ചുരുളി’ തുടങ്ങിയ ചിത്രങ്ങളുടെയും രചന നിർവഹിച്ചത് എസ്. ഹരീഷ് തന്നെയായിരുന്നു.

Story Highlights: Nanpakal nerathe mayakkam theatre release