“ഡീഗോ ഇപ്പോൾ ചിരിക്കുന്നുണ്ടാവും..”; പെലെയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകർക്ക് നൊമ്പരമാവുന്നു
കാൽപ്പന്തുകളിയുടെ രാജാവായ പെലെ ഇനി ഓർമ്മകളിൽ മാത്രം. കാൽപന്തുകളിയെ നെഞ്ചോട് ചേർത്ത കോടിക്കണക്കിന് ആളുകളെ നൊമ്പരപ്പെടുത്തിയാണ് ബ്രസീലിന്റെ ഇതിഹാസ താരം പെലെ വിടവാങ്ങിയത്. 82 വയസായിരുന്നു അദ്ദേഹത്തിന്. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. പെലെയുടെ മകളും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇപ്പോൾ പെലെയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഫുട്ബോൾ പ്രേമികൾക്ക് നൊമ്പരമാവുന്നത്. ലോകകപ്പ് നേടിയ അർജന്റീന ടീമിനെയും നായകൻ മെസിയെയും അഭിനന്ദിച്ചു കൊണ്ട് പെലെ പങ്കുവെച്ച കുറിപ്പാണ് അദ്ദേഹത്തിന്റെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അതിൽ അദ്ദേഹം അവസാനം കുറിച്ച ഒരു വാചകമാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്ക് ഹൃദയഭേദകമാവുന്നത്.
അർജന്റീനയുടെ വിജയത്തിൽ ഡീഗോ മറഡോണ ഇപ്പോൾ ചിരിക്കുന്നുണ്ടാവുമെന്നാണ് പെലെ കുറിച്ചത്. ഫുട്ബോളിലെ രണ്ട് ഇതിഹാസ താരങ്ങളെയും നഷ്ടപെട്ടത് വലിയ വേദനയാണ് ആരാധകർക്ക് നൽകിയിരിക്കുന്നത്. ചിരവൈരികളായ ബ്രസീലിന്റെയും അർജന്റീനയുടെയും താരങ്ങളായിരുന്നു പെലെയും മറഡോണയുമെങ്കിലും മികച്ച സൗഹൃദം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു.
ഫുട്ബോളിൽ പെലെയുടെ റെക്കോർഡുകളൊക്കെ സമാനതകളില്ലാത്തതാണ്. മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ പെലെ അംഗമായിരുന്നു. ഇരുകാലുകൾ കൊണ്ടും ഗോൾ നേടാനുള്ള കഴിവ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി. 1367 മത്സരങ്ങളിൽ നിന്ന് 1297 ഗോളുകൾ നേടിയ താരമാണ് അദ്ദേഹം. ബ്രസീൽ ജഴ്സിയിൽ 77 ഗോളുകൾ നേടി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നൂറ്റാണ്ടിന്റെ കായിക താരമായും അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.
Story Highlights: Pele last instagram post about maradona