റൊണാൾഡോ ആദ്യ ഇലവനിലില്ല; പോർച്ചുഗൽ-മൊറോക്കോ മത്സരം തുടങ്ങി

December 10, 2022

ആരാധകർക്ക് വീണ്ടും നിരാശ നൽകുന്ന വാർത്തയാണ് പുറത്തു വരുന്നത്. മൊറോക്കോയ്‌ക്കെതിരെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന പോർച്ചുഗൽ ടീമിന്റെ ആദ്യ ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ല. കഴിഞ്ഞ കളിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പകരം സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി ഹാട്രിക് തികച്ച ഗോണ്‍സാലോ റാമോസാണ് ഇന്നും സെന്‍ട്രല്‍ സ്ട്രൈക്കര്‍. ബ്രൂണോ ഫെര്‍ണാണ്ടസും യോ ഫെലിക്‌സുമാണ് മറ്റ് രണ്ട് മുന്നേറ്റക്കാര്‍. സ്വിസ് ടീമിനെ നേരിട്ട ഇലവനില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് വരുത്തിയിരിക്കുന്നത്. വില്യം കാര്‍വാലിയോയ്ക്ക് പകരം മധ്യനിരയില്‍ റൂബന്‍ നെവസ് ടീമിലെത്തി.

അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം. കായിക ക്ഷമതയും വേഗവുമാണ് മൊറോക്കോ ടീമിൻറെ കരുത്ത്. തന്ത്രങ്ങളെ കളത്തിൽ ഫലിപ്പിക്കാൻ കഴിവുണ്ട് ടീമിന്. അഷ്റഫ് ഹക്കിമി നയിക്കുന്ന പ്രതിരോധവും ബൗഫലിൻറെ മധ്യനിരയും ഒരോ കളിയും മെച്ചപ്പെടുന്നുണ്ട്. മുന്നേറ്റത്തിൽ സിയേച്ചിൻറെ കാലിലാണ് ടീമിന്റെ പ്രതീക്ഷ. ഈ ലോകകപ്പിലെ കറുത്ത കുതിരകളാണ് മൊറോക്കോ. സ്പെയിൻ അടക്കമുള്ള വമ്പന്മാരെ അട്ടിമറിച്ചു കൊണ്ടാണ് മൊറോക്കോ ക്വാർട്ടറിലെത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ റൊണാൾഡോയ്ക്കും കൂട്ടർക്കും മത്സരം അത്ര എളുപ്പമാവാൻ സാധ്യതയില്ല.

Read More: നെയ്‌മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ

അതേ സമയം ഇംഗ്ലണ്ടും ലോകചാമ്പ്യന്മാരായ ഫ്രാൻസും തമ്മിലുള്ള നാലാം ക്വാർട്ടർ ഫൈനൽ 12.30 നാണ്. കിലിയൻ എംബാപ്പെയെ പൂട്ടാനുള്ള തന്ത്രങ്ങൾ തങ്ങളുടെ ആവനാഴിയിൽ മിനുക്കി എടുക്കുകയാണ് ഇംഗ്ലണ്ട്. മെസിയെ പിടിച്ചു കെട്ടിയ സ്റ്റീവൻ ഹോളണ്ടാണ് എംബാപ്പെയെ വരിഞ്ഞു മുറുക്കാനുള്ള തന്ത്രങ്ങൾ മെനയുന്നത്. ഇംഗ്ലണ്ട് കോച്ച് ഗാരി സൗത്ത് ഗേറ്റിന്റെ വിശ്വസ്‌തനാണ് സ്റ്റീവൻ ഹോളണ്ട്.

Story Highlights: Portugal without ronaldo