നോക്കൗട്ടിൽ എല്ലാ കോൺഫെഡറേഷനുകളില്‍ നിന്നും ടീമുകള്‍, രണ്ട് ബില്യണിലധികം ടിവി പ്രേക്ഷകർ; ഖത്തർ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതെന്ന് വിലയിരുത്തൽ

December 8, 2022

ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ലോകകപ്പായി മാറുകയാണ് ഖത്തറിലേത്. ഗ്രൂപ്പ് ഘട്ടങ്ങളിൽ ഏറ്റവും മികച്ച മത്സരങ്ങളാണ് ഇത്തവണ നടന്നത്. വമ്പൻ ടീമുകൾ ചെറിയ ടീമുകൾക്ക് മുൻപിൽ അടിതെറ്റി വീഴുന്ന കാഴ്ച്ച ഖത്തറിൽ സ്ഥിരമായി കാണാമായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളാണ് ഖത്തറിലേതെന്ന് ഫിഫ അധ്യക്ഷന്‍ ജിയോനി ഇന്‍ഫാന്‍റിനോ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

എല്ലാ കോൺഫെഡറേഷനുകളില്‍ നിന്നുമുള്ള ടീമുകള്‍ നോക്കൗട്ടിലെത്തിയ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കൂടിയാണ് ഖത്തറിലേത്. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ടീമുകൾ നോക്കൗട്ട് റൗണ്ടിലെത്തുന്നത് ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. രണ്ട് ബില്യണിലധികം ആളുകളാണ് ലോകകപ്പ് ടിവിയിലൂടെ കണ്ട് കൊണ്ടിരിക്കുന്നത്. ഫുട്ബോൾ ശരിക്കും ആഗോളമായി മാറുകയാണെന്നാണ് ഇത് കാണിക്കുന്നതെന്നും ഇന്‍ഫാന്‍റിനോ കൂട്ടിച്ചേർത്തു.

അതേ സമയം നാളെയാണ് ലോകകപ്പിലെ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാവുന്നത്. നാളെ രാത്രി 8.30 ന് ബ്രസീൽ ക്രോയേഷ്യയെ നേരിടുമ്പോൾ 12.30 ന് നടക്കുന്ന മത്സരത്തിൽ അർജന്റീന നെതർലൻഡ്‌സിനെ നേരിടും. ശനിയാഴ്ച്ച നടക്കുന്ന മത്സരങ്ങളിൽ ഇംഗ്ലണ്ട് ഫ്രാൻസിനെയും പോർച്ചുഗൽ മൊറോക്കോയെയും നേരിടും.

ഖത്തർ ലോകകപ്പ് ഇതിഹാസ താരങ്ങളുടെ പോരാട്ട വേദി കൂടിയായി മാറുമെന്നാണ് ഇപ്പോൾ ആരാധകർ കരുതുന്നത്. ബ്രസീൽ ക്രോയേഷ്യയെയും അർജന്റീന നെതർലൻഡ്‌സിനെയും മറികടന്നാൽ സെമി ഫൈനലിൽ മെസിയുടെയും നെയ്‌മറിന്റെയും ടീമുകൾ ഏറ്റുമുട്ടും. മലയാളികളടക്കം ലോകമെങ്ങുമുള്ള ആരാധകർ കാത്തിരിക്കുന്ന ഒരു പോരാട്ടം കൂടിയാണത്.

Read More: നെയ്‌മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ

അതേ സമയം അർജന്റീനയ്ക്ക് ക്വാർട്ടറിലെയും സെമിയിലെയും വമ്പന്മാരെ തോൽപ്പിച്ച് ഫൈനലിൽ എത്താൻ കഴിഞ്ഞാൽ ഒരു പക്ഷെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ഒരു പോരാട്ടത്തിന് ഖത്തറിന് സാക്ഷിയാവാൻ കഴിഞ്ഞേക്കും. ക്വാർട്ടറിൽ മൊറോക്കോയെയും സെമിയിൽ ഇംഗ്ളണ്ട്-ഫ്രാൻസ് മത്സരത്തിലെ വിജയികളെയും മറികടന്ന് ഫൈനലിൽ മെസിയുടെ അർജന്റീനയോട് ഏറ്റുമുട്ടാൻ സാക്ഷാൽ റൊണാൾഡോയുടെ പോർച്ചുഗൽ എത്താനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ. എങ്കിലത്‌ നൂറ്റാണ്ടിലെ പോരാട്ടമാവും.

Story Highlights: Praise for qatar world cup