ഫ്രാൻസിനെ പൂട്ടാൻ ഇംഗ്ലണ്ട്, പോർച്ചുഗലിന് തടയിടാൻ മൊറോക്കോ; ഇന്ന് അവസാന ക്വാർട്ടർ മത്സരങ്ങൾ
ലോകകപ്പിൽ സെമിയിലേക്ക് പ്രവേശിക്കുന്ന അവസാന രണ്ട് ടീമുകളെ ഇന്നറിയാം. രാത്രി 8.30 ന് നടക്കുന്ന മൂന്നാം ക്വാർട്ടർ മത്സരത്തിൽ മൊറോക്കോ പോർച്ചുഗലിനെ നേരിടുമ്പോൾ ഇംഗ്ലണ്ടും ലോകചാമ്പ്യന്മാരായ ഫ്രാൻസും തമ്മിലുള്ള മത്സരം 12.30 നാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പെയും സെമിയിൽ ഏറ്റുമുട്ടുമോ എന്ന ചോദ്യത്തിനും ഇന്ന് ഉത്തരം ലഭിക്കും.
കിലിയൻ എംബാപ്പെയെ പൂട്ടാനുള്ള തന്ത്രങ്ങൾ തങ്ങളുടെ ആവനാഴിയിൽ മിനുക്കി എടുക്കുകയാണ് ഇംഗ്ലണ്ട്. മെസിയെ പിടിച്ചു കെട്ടിയ സ്റ്റീവൻ ഹോളണ്ടാണ് എംബാപ്പെയെ വരിഞ്ഞു മുറുക്കാനുള്ള തന്ത്രങ്ങൾ മെനയുന്നത്. ഇംഗ്ലണ്ട് കോച്ച് ഗാരി സൗത്ത് ഗേറ്റിന്റെ വിശ്വസ്തനാണ് സ്റ്റീവൻ ഹോളണ്ട്. അതേ സമയം ഈ ലോകകപ്പിലെ കറുത്ത കുതിരകളാണ് മൊറോക്കോ. സ്പെയിൻ അടക്കമുള്ള വമ്പന്മാരെ അട്ടിമറിച്ചു കൊണ്ടാണ് മൊറോക്കോ ക്വാർട്ടറിലെത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ റൊണാൾഡോയ്ക്കും കൂട്ടർക്കും മത്സരം അത്ര എളുപ്പമാവാൻ സാധ്യതയില്ല.
ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യ കരുത്തന്മാരായ ബ്രസീലിനെ വീഴ്ത്തിയാണ് സെമിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. അധിക സമയത്ത് മിന്നുന്ന പ്രകടനത്തിലൂടെ കാനറികൾ ആദ്യം ലീഡ് നേടിയെങ്കിലും ക്രൊയേഷ്യ കൃത്യമായ സമയത്ത് തിരിച്ചടിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി എന്ന കടമ്പയിൽ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണുടഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അധിക സമയത്തിന്റെ ആദ്യ പകുതിയിൽ നെയ്മറുടെ തകർപ്പൻ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. എന്നാൽ കാനറികളുടെ സന്തോഷത്തിന് മിനുട്ടുകളുടെ ആയുസ്സ് ഉണ്ടായിരുന്നുള്ളു. ബ്രൂണോ പെറ്റ്ക്കോവിച്ചിലൂടെ ക്രൊയേഷ്യ ഗോൾ മടക്കി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബ്രസീലിന് കാലിടറി.
Read More: നെയ്മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ
രണ്ടാം ക്വാർട്ടർ മത്സരത്തിൽ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ തകർപ്പൻ വിജയമാണ് നെതർലൻഡ്സിനെതിരേ മെസിയുടെ അർജന്റീന നേടിയത്. നിശ്ചിത സമയം അവസാനിച്ചപ്പോൾ 2-2 എന്ന നിലയിൽ നിന്നിരുന്ന ടീമുകൾക്ക് അധിക സമയത്തും ഗോളടിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഷൂട്ടൗട്ടിൽ ഓറഞ്ച് പടയെ തകർത്തെറിയുകയായിരുന്നു അർജന്റീന.
Story Highlights: Quarter matches today