400 കോടി നേടിയ കാന്താരയ്ക്ക് ഋഷഭ് ഷെട്ടിക്ക് ലഭിച്ച പ്രതിഫലം ഇത്രയാണ്…

December 21, 2022

റിലീസ് ചെയ്‌ത്‌ ഏറെ നാളുകളായെങ്കിലും ഇപ്പോഴും കാന്താര വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അഭിമുഖങ്ങളിലും സിനിമ ചർച്ചകളിലുമൊക്കെ പ്രേക്ഷകരും നിരൂപകരുമൊക്കെ കാന്താരയെ വാനോളം പുകഴ്ത്തുകയാണ്. ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിക്കുകയായിരുന്നു ഋഷഭ് ഷെട്ടിയുടെ ‘കാന്താര.’ ദൃശ്യവിസ്‌മയമൊരുക്കിയ കന്നട ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു.കന്നടയിൽ ചിത്രം വമ്പൻ ഹിറ്റായി മാറിയതോടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കമുള്ള ഭാഷകളിൽ ചിത്രം റിലീസ് ചെയ്‌തിരുന്നു. എല്ലാ ഇൻഡസ്ട്രിയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചെറിയ ബജറ്റിലൊരുങ്ങിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് വമ്പൻ വിജയം നേടുകയായിരുന്നു.

ഇപ്പോൾ ചിത്രം എഴുതി സംവിധാനം ചെയ്‌ത്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഋഷഭ് ഷെട്ടിക്ക് കിട്ടിയ പ്രതിഫലത്തിന്റെ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. നാല് കോടി രൂപയാണ് താരത്തിന് ലഭിച്ചതെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. 16 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 400 കോടിയോളം തിയേറ്ററുകളിൽ നിന്ന് നേടിയിരുന്നു.

Read More: ‘സാധനം കയ്യിലുണ്ടോ’; പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി വർക്കിയും കൂട്ടരും- ഫ്ളവേഴ്സ് ഒറിജിനൽസിന്റെ പുതിയ വെബ് സീരീസ് ചിരി പടർത്തുന്നു

നേരത്തെ ബാഹുബലി, ആർആർആർ അടക്കമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ എസ്.എസ് രാജമൗലി കാന്താരയുടെ വിജയത്തെ പറ്റി പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു. വലിയ വിജയങ്ങൾ നേടാൻ നിങ്ങൾക്ക് വലിയ ബജറ്റിന്റെ ആവശ്യമില്ലെന്നും കാന്താരയുടെ വമ്പൻ വിജയം അതിനുദാഹരണമാണെന്നും പറയുകയാണ് സംവിധായകൻ. “വലിയ ബജറ്റുകൾ എന്തോ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്‍റെ കണക്കുകള്‍ നോക്കുക. അതായത് വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല. കാന്താര പോലൊരു ചെറിയ ചിത്രത്തിന് പോലും അത് ചെയ്യാൻ കഴിയും”- ഒരു ഓൺലൈൻ ചാനലിനോട് അദ്ദേഹം തുറന്നു പറഞ്ഞു.

Story Highlights: Rishabh shetty remuneration for kanthara