“മറ്റുള്ളവരെ സന്തോഷിപ്പിക്കാനാണ് ഡാൻസ് ചെയ്യുന്നത്, ഞങ്ങൾ ബ്രസീലുകാർ അങ്ങനെയാണ്..”; വിവാദങ്ങളോട് പ്രതികരിച്ച് ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ

December 8, 2022

ബ്രസീൽ ടീം നേടുന്ന ഓരോ ഗോളും വലിയ ആഘോഷങ്ങൾക്കാണ് തുടക്കമിടുന്നത്. ഒരുമിച്ച് നൃത്തം ചവിട്ടിയാണ് താരങ്ങൾ ഗോളുകൾ ആഘോഷിക്കുന്നത്. ഓരോ ഗോളിനും വ്യത്യസ്‌തമായ നൃത്തമാണ് താരങ്ങൾ കാഴ്ച്ചവെയ്ക്കുന്നത്. സൂപ്പർ താരം നെയ്‌മർ അടക്കമുള്ളവർ ഡാൻസ് ചെയ്‌ത്‌ ഗോളുകൾ ആഘോഷിക്കുന്നത് വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിരുന്നു.

എന്നാൽ ബ്രസീലിന്റെ ഡാൻസ് ചെയ്‌തുള്ള ആഘോഷം വിമർശനങ്ങൾക്കും വിധേയമായിരുന്നു. ഡാൻസ് ചെയ്യുന്നതിലൂടെ ബ്രസീൽ എതിരാളികളെ അപമാനിക്കുകയാണെന്നും അതിനാൽ ഇത് നിർത്തേണ്ടതുണ്ടെന്നും മുൻ അയർലൻഡ് താരമായ റോയ് കീൻ അടക്കമുള്ള കമന്റേറ്റേർസ് അഭിപ്രായപ്പെട്ടിരുന്നു.

ഈ വിവാദത്തോട് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ബ്രസീലിന്റെ യുവതാരം വിനീഷ്യസ് ജൂനിയർ. ടീമിന്റെ നൃത്ത ആഘോഷങ്ങൾ മറ്റുള്ളവരെ സന്തോഷിപ്പിക്കാനാണെന്നും വേദനിപ്പിക്കാനല്ലെന്നും പറയുകയാണ് താരം. ‘മറ്റുള്ളവരുടെ സന്തോഷം കാണുമ്പോൾ പരാതിപ്പെടാൻ ഇഷ്ടപ്പെടുന്ന ആൾക്കാർ ഉണ്ട്. ഞങ്ങൾ ബ്രസീലുകാർ സന്തോഷമുള്ള ആളുകളാണ്. ഡാൻസ് ചെയ്യുന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനല്ല. ഇനിയും നിരവധി ഡാൻസുകൾ ഞങ്ങൾ തയാറാക്കി വെച്ചിട്ടുണ്ട്.’- വിനീഷ്യസ് പറഞ്ഞു.

Read More: റൊണാൾഡോയെ നൃത്തം പഠിപ്പിച്ച് റിച്ചാർലിസൺ-വിഡിയോ

അതേ സമയം ബ്രസീലിന്റെ ഇതിഹാസ താരം റൊണാൾഡോയെ യുവതാരം റിച്ചാർലിസൺ ഡാൻസ് പഠിപ്പിക്കുന്ന വിഡിയോ വൈറലായി മാറിയിരുന്നു. ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന താരം ദക്ഷിണ കൊറിയക്കെതിരായ പ്രീ ക്വാർട്ടർ മത്സരവിജയത്തിനു ശേഷമാണ് ഇതിഹാസ താരത്തെ നൃത്തം പഠിപ്പിച്ചത്.ലോകകപ്പിലെ അതിമനോഹരമായ ഒരു ഗോൾ പിറന്നത് റിച്ചാർലിസണിന്റെ കാലുകളിൽ നിന്നാണ്. ദക്ഷിണ കൊറിയക്കെതിരെ 29 ആം മിനിട്ടിൽ റിച്ചാർലിസൺ നേടിയ ഗോൾ മനോഹരമായിരുന്നു. തൻ്റെ തല കൊണ്ട് പന്ത് പലവട്ടം തട്ടി നിയന്ത്രിച്ച റിച്ചാർലിസൺ പക്വെറ്റയ്ക്ക് പന്ത് കൈമാറി ബോക്സിലേക്ക് കുതിച്ചു. പക്വേറ്റ തിയാഗോ സിൽവയ്ക്ക് പന്ത് മറിച്ചുനൽകി. ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ റിച്ചാർലിസണ് തിയാഗോ സിൽവയുടെ അളന്നുമുറിച്ച ത്രൂബോൾ. പിഴവില്ലാത്ത ഫിനിഷിംഗ്. ബ്രസീൽ ടീമിന്റെ ഒത്തിണക്കത്തെ കൂടിയാണ് ഈ ഗോൾ കാണിക്കുന്നത്.

Story Highlights: Vinicius jr reacts to dance controversy