ഫൈനൽ കളിച്ചാൽ മെസിയെ കാത്തിരിക്കുന്നത് ലോകറെക്കോർഡ്; മറഡോണ സന്തോഷിക്കുന്നുണ്ടാവുമെന്ന് താരം

December 2, 2022

തന്റെ അഞ്ചാം ലോകകപ്പാണ് ഇതിഹാസ താരം ലയണൽ മെസി ഖത്തറിൽ കളിച്ചു കൊണ്ടിരിക്കുന്നത്. അർജന്റീനയുടെ നായകൻ കൂടിയായ മെസിയുടെ നേതൃത്വത്തിൽ കപ്പുയർത്താൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പോളണ്ടിനെതിരെയുള്ള മത്സരത്തിലൂടെ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന അർജന്റീനൻ താരമായിരിക്കുകയാണ് മെസി. ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോർഡാണ് മെസി മറികടന്നത്.

തന്റെ നേട്ടത്തെ പറ്റി മത്സരശേഷം മെസി മനസ്സ് തുറന്നിരുന്നു. റെക്കോർഡിനെ പറ്റി നേരത്തെ അറിവുണ്ടായിരുന്നില്ലെന്നും അടുത്തിടെയാണ് ഇതിനെ പറ്റി അറിഞ്ഞതെന്നും മെസി പറഞ്ഞു. ഇത്തരം റെക്കോർഡുകൾ നേടുന്നത് സന്തോഷമുള്ള കാര്യമാണ്. മറഡോണ എന്റെ ഈ നേട്ടത്തിൽ ഒരുപാട് സന്തോഷിക്കുന്നുണ്ടാവുമെന്നും തന്നോട് അദ്ദേഹത്തിന് വലിയ വാത്സല്യമുണ്ടായിരുന്നുവെന്നും മെസി കൂട്ടിച്ചേർത്തു.

എന്നാൽ ഖത്തർ ലോകകപ്പിൽ ഫൈനൽ കളിച്ചാൽ മെസിയെ കാത്തിരിക്കുന്നത് മറ്റൊരു ലോകറെക്കോർഡാണ്. ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന താരമെന്ന അപൂർവ്വ നേട്ടമാണ് മെസിയെ ഫൈനലിൽ കാത്തിരിക്കുന്നത്. ഈ ലോകകപ്പ് ഫൈനൽ അദ്ദേഹത്തിന്റെ 26ാം മത്സരമായിരിക്കും.

Read More: “അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല, പക്ഷെ കപ്പെടുത്തിട്ടേ ഞങ്ങൾ പോവൊള്ളൂ..”; ബ്രസീൽ ആരാധകരോട് പൊട്ടിത്തെറിച്ച് വൈറലായ കുഞ്ഞ് മെസി ആരാധിക

അതേ സമയം അർജന്റീന നോക്കൗട്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പോളണ്ടിനെതിരെ കഴിഞ്ഞ ദിവസം തകർപ്പൻ വിജയമാണ് അർജന്റീന നേടിയത്. രണ്ടാം പകുതിയിൽ നേടിയ രണ്ട് ​ഗോളിന്റെ ബലത്തിലായിരുന്നു അർജന്റീനയുടെ വിജയം. 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ടീം ആദ്യ ​ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ​ഗോൾ നേടിയത്. ഇതോടെ വിമർശകരുടെ വായടപ്പിച്ച് ആധികാരികമായാണ് അർജന്റീനയുടെ പ്രീ-ക്വാർട്ടർ പ്രവേശനം.

Story Highlights: World record awaits lionel messi in final