ടിറ്റെയ്ക്ക് പകരക്കാരനായി സാക്ഷാൽ സിദാനോ; ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്ക് ഇതിഹാസ താരമെത്താൻ സാധ്യതകളേറെയെന്ന് റിപ്പോർട്ട്

December 28, 2022

ബ്രസീൽ ടീമിനെ പരിശീലിപ്പിക്കാൻ സാക്ഷാൽ സിനദിന്‍ സിദാനെത്താൻ സാധ്യതകളേറെയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യയോട് പരാജയപ്പെട്ട് പുറത്തായതോടെ ബ്രസീലിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ടിറ്റെ ഒഴിഞ്ഞിരുന്നു. വരാനിരിക്കുന്ന കോപ്പ അമേരിക്ക അടക്കമുള്ള ടൂർണമെന്റുകൾക്കായി വീണ്ടും ടീമിനെ സജ്ജരാക്കേണ്ടതുള്ളത് കൊണ്ട് തന്നെ ടിറ്റെയ്ക്ക് പകരക്കാരനെ അന്വേഷിക്കുകയായിരുന്നു ബ്രസീൽ.

സിദാനുമായി ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നാണ് സൂചന. പെപ് ഗ്വാര്‍ഡിയോളയും മൊറീഞ്ഞോയും ബ്രസീലിനെ പരിശീലിപ്പിക്കാൻ എത്തില്ലെന്ന് ഏകദേശം ഉറപ്പായതോടെയാണ് സിദാന്റെ സാധ്യത വർധിക്കുന്നത്. റയൽ മാഡ്രിഡിനെ നിരവധി ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലേക്ക് നയിച്ച സിദാന് ബ്രസീലിനെ കോപ്പ അമേരിക്ക, ലോകകപ്പ് അടക്കമുള്ള കിരീട വിജയങ്ങളിലേക്ക് നയിക്കാൻ കഴിയുമെന്നാണ് ആരാധകർ കരുതുന്നത്. എന്നാൽ ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷോം ഫ്രാൻസിന്റെ പരിശീലക സ്ഥാനം ഒഴിയുകയാണെങ്കിൽ സിദാൻ ഒരു പക്ഷെ ആ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Read More: നെയ്‌മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ

അതേ സമയം ലോകകപ്പിലെ ആദ്യ ക്വാർട്ടർ മത്സരത്തിൽ ബ്രസീൽ ക്രൊയേഷ്യയോട് തോൽവി സമ്മതിക്കുകയായിരുന്നു. അധിക സമയത്ത് മിന്നുന്ന പ്രകടനത്തിലൂടെ കാനറികൾ ആദ്യം ലീഡ് നേടിയെങ്കിലും ക്രൊയേഷ്യ കൃത്യമായ സമയത്ത് തിരിച്ചടിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി എന്ന കടമ്പയിൽ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണുടഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അധിക സമയത്തിന്റെ ആദ്യ പകുതിയിൽ നെയ്‌മറുടെ തകർപ്പൻ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. എന്നാൽ കാനറികളുടെ സന്തോഷത്തിന് മിനുട്ടുകളുടെ ആയുസ്സ് ഉണ്ടായിരുന്നുള്ളു. ബ്രൂണോ പെറ്റ്ക്കോവിച്ചിലൂടെ ക്രൊയേഷ്യ ഗോൾ മടക്കി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബ്രസീലിന് കാലിടറി.

Story Highlights: Zidane may become brazil coach