മെസിക്കും സൗദി ക്ലബ്ബിൽ നിന്ന് വമ്പൻ ഓഫർ; തുക അമ്പരപ്പിക്കുന്നത്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണൽ മെസിക്കും സൗദിയിൽ നിന്ന് അമ്പരപ്പിക്കുന്ന ഓഫർ. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലാണ് മെസിക്ക് വേണ്ടി റെക്കോർഡ് തുക മുടക്കാൻ തയ്യാറായിരിക്കുന്നത്. ഏകദേശം 2445 കോടിയാണ് (279 മില്യണ്‍ യൂറോ) അൽ ഹിലാൽ മെസിക്ക് മുൻപിൽ വെച്ചിരിക്കുന്ന ഓഫർ. 200 മില്യണ്‍ യൂറോയ്ക്കാണ് റൊണാൾഡോ അൽ നസ്ർ ക്ലബിലെത്തിയത്.
മെസിയുടെ മറുപടി അറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. നിലവിൽ പിഎസ്ജിയുമായുള്ള കരാർ മെസി പുതുക്കിയിട്ടില്ല. അടുത്ത സീസണിൽ മറ്റൊരു ക്ലബ്ബിലേക്ക് മെസി ചേക്കേറുമെന്ന് തന്നെയാണ് ആരാധകരൊക്കെ കരുതുന്നത്. സൗദിയിലേക്കായിരിക്കുമോ മെസി എത്തുന്നതെന്നാണ് ഇപ്പോൾ കളിപ്രേമികൾക്ക് അറിയേണ്ടത്. അങ്ങനെ ആണെങ്കിൽ ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണൽ മെസിയും വീണ്ടും ഏറ്റുമുട്ടുന്നതിന് ഫുട്ബോൾ ലോകം സാക്ഷിയാവും.
അതേ സമയം ലോകകപ്പിനും ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾക്കും ശേഷം കഴിഞ്ഞ ദിവസമാണ് മെസി പിഎസ്ജി ക്യാമ്പിൽ തിരികെയെത്തിയത്. പിഎസ്ജി കുപ്പായത്തിൽ വീണ്ടും കളത്തിലിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ മെസി ഗോൾ നേടിയിരുന്നു. ആങ്കേഴ്സിനെതിരെയാണ് മെസി ഗോൾ നേടിയത്. എംബാപ്പെയ്ക്ക് വിശ്രമം നൽകിയ മത്സരത്തിലാണ് മെസി ഗോൾ നേടിയത്.
Read More: നെയ്മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ
തിരികെ പിഎസ്ജിയിലെത്തിയ മെസിയെ നെയ്മറിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് താരങ്ങളും സ്റ്റാഫും സ്വീകരിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ക്ലബ്ബിന്റെ സ്പോര്‍ട്ടിംഗ് ഡയറക്ടറായ ലൂയിസ് കാംപോസ് മെസിക്ക് മൊമെന്റോ നല്കി ആദരിച്ചു.എന്നാൽ പിഎസ്ജി പുറത്തുവിട്ട വിഡിയോയിൽ ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പിഎസ്ജി പങ്കുവെച്ച വിഡിയോയിലും ചിത്രങ്ങളിലുമൊന്നും എംബാപ്പെയെ കാണാനുണ്ടായിരുന്നില്ല.
Story Highlights: Al hilal huge offer for messi