“ജനലിനപ്പുറത്തൂടെ ഓടിയ ആളെ കണ്ടപ്പോൾ..”; ട്വൽത്ത് മാന്റെ ലൊക്കേഷനിൽ ഓജോ ബോർഡ് കളിച്ച അനുഭവം പങ്കുവെച്ച് അനു സിത്താര

January 6, 2023

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്.

ഇപ്പോൾ മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ അനു സിത്താര അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്. മോഹൻലാൽ ചിത്രം ട്വൽത്ത് മാന്റെ ലൊക്കേഷനിൽ ഓജോ ബോർഡ് കളിച്ച അനുഭവമാണ് താരം വേദിയിൽ പങ്കുവെച്ചത്. ഓജോ ബോർഡ് കളിക്കുന്നതിനിടയിൽ ആരോ ജനലിൽ അടിക്കുന്ന ശബ്‌ദം കേട്ടുവെന്നും വല്ലാതെ പേടിച്ചുവെന്നുമാണ് അനു പറയുന്നത്.

രണ്ടാമതും ജനലിൽ ആരോ അടിക്കുന്നത് കേട്ടപ്പോൾ പുറത്തിറങ്ങി നോക്കി. എന്നാൽ ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് ജനലിൽ അടിച്ചിട്ട് ഓടി പോവുന്നതാണ് കണ്ടതെന്നും താരം കൂട്ടിച്ചേർത്തു. നടൻ ചന്ദുനാഥും അനു മോഹനും സംവിധായകൻ ജീത്തു ജോസഫിനൊപ്പം ഒരുക്കിയ ഒരു പ്രാങ്ക് ആയിരുന്നു അതെന്ന് അപ്പോഴാണ് മനസ്സിലായതെന്നും അനു സിത്താര പറഞ്ഞു.

Read More: ലൈവ് പെർഫോമൻസുമായി വേദി കൈയടക്കി പ്രണവ് മോഹൻലാൽ, കമൻറ്റുമായി ആൻറണി വർഗീസ്-വിഡിയോ

അതേ സമയം ആദ്യമായി നടൻ മമ്മൂട്ടിയെ കണ്ട അനുഭവവും അനു സിത്താര അറിവിന്റെ വേദിയിൽ പങ്കുവെച്ചിരുന്നു. കുട്ടിക്കാലം മുതൽ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താനെന്നാണ് താരം പറയുന്നത്. മമ്മൂക്കയെ എന്നെങ്കിലും നേരിട്ട് കാണുകയെന്നത്‌ അനുവിന്റെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു. ഒടുവിൽ മമ്മൂട്ടി ‘പേരൻപ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ഉണ്ടായിരുന്ന സമയത്താണ് അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിഞ്ഞതെന്നാണ് താരം പറയുന്നത്. ട്രാഫിക്കിൽ കുടുങ്ങി ഏറെ നേരം താമസിച്ചുവെങ്കിലും ഒടുവിൽ മമ്മൂട്ടിയെ കാണാൻ കഴിഞ്ഞുവെന്ന് പറഞ്ഞ അനു സിത്താര തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷമായിരുന്നു അതെന്നും കൂട്ടിച്ചേർത്തു.

Story Highlights: Anu sithara about playing ouija board