കാനനഭംഗിക്ക് നടുവിൽ ഏഴുവർണ്ണങ്ങൾ വിരിച്ച് ഭൂമി; അത്ഭുതമായി മഴവിൽ മണ്ണിന്റെ ഗ്രാമം
ഒട്ടേറെ വിസ്മയങ്ങൾ നിറഞ്ഞ ലോകമാണ് ഭൂമി. മനുഷ്യന്റെ ബുദ്ധിക്കും സർഗാത്മകതയ്ക്കും അപ്പുറം അമ്പരപ്പിക്കുന്ന ഒട്ടേറെ അത്ഭുതങ്ങൾ ഭൂമി കാത്തുസൂക്ഷിച്ചിട്ടുണ്ട്. ചില പ്രദേശങ്ങൾ കണ്ടാൽ മനോഹരമായൊരു കാൻവാസ് ചിത്രം പോലെ തോന്നിക്കും. അങ്ങനെയൊരു വിസ്മയം കാത്തുസൂക്ഷിച്ചിരിക്കുന്ന മണ്ണാണ് മൗറീഷ്യസിലെ ചമറേൽ എന്ന ഗ്രാമത്തിലേത്.
ആകാശത്ത് മഴയ്ക്ക് മുൻപായി മാരിവില്ല് വിടരുന്നത് കണ്ടിട്ടില്ലേ? എന്നാൽ ചമറേൽ ഗ്രാമത്തിൽ മണ്ണിലാണ് ഏഴു നിറങ്ങൾ വിടരുന്നത്. 7500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമത്തിൽ ആയിരത്തോളം ആളുകൾ മാത്രമാണ് വസിക്കുന്നത്. ഒട്ടേറെ പ്രകൃതിരമണീയമായ കാഴ്ചകൾക്കിടയിൽ കണ്ണിനു കുളിർമയേകുന്നതാണ് മണ്ണിലെ ഈ വിസ്മയം.
ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കൊടുംവനത്തിനുള്ളിൽ ഒരു മണൽപ്പരപ്പുണ്ട്. അവിടെയാണ് ഏഴുനിറങ്ങൾ ചാലിച്ച അത്ഭുതം നിലകൊള്ളുന്നത്. ലോകത്ത് ഇതുവരെ ഇങ്ങനെയൊരു പ്രതിഭാസം കണ്ടിട്ടില്ല. ചുവപ്പ്, തവിട്ട്, മഞ്ഞ, വയലറ്റ്, പച്ച, നീല, പർപ്പിൾ എന്നിങ്ങനെ നിറങ്ങൾ ഇടതൂർന്ന മണ്ണാണ്.
കൊടുംകാടിന്റെ വശ്യഭംഗിയിൽ മണ്ണിന്റെ ഈ ഏഴഴകുംകൂടി ചേരുമ്പോൾ അതിസുന്ദരമാണ്. സങ്കീർണ്ണമായ രാസ-ഭൗതിക മാറ്റങ്ങളുടെ ഭാഗമായാണ് ചമറേലിൽ മണ്ണ് പലനിറത്തിലുള്ളതായത്. എന്നാൽ എന്താണ് ശാസ്ത്രീയമായി ഈ വർണകാഴ്ചയുടെ പിന്നിലെന്ന് ഇന്നും അവ്യക്തമാണ്.
ഏറ്റവും അത്ഭുതകരമായ വസ്തുതയെന്തെന്നാൽ, പല നിറത്തിലുള്ള ഈ മണ്ണുകൾ കൂട്ടികുഴച്ചാലും അല്പസമയത്തിനു ശേഷം അതാത് നിറങ്ങളിലേക്ക് ചേർന്ന് ഏഴു തട്ടുകളായി സ്വയം ക്രമീകരിക്കപ്പെടും എന്നതാണ്.
ഏകദേശം 600 ദശലക്ഷം വർഷം പഴക്കമുണ്ട് ഈ മണ്ണിന്. അഗ്നിപർവത സ്ഫോടനത്തിലൂടെ താഴെനിന്നും മുകളിലെത്തുന്ന ബസാൾട്ട് ശില വിഘടിക്കുന്നതാണ് ഈ വർണ്ണക്കാഴ്ചയുടെ പിന്നിലെന്നാണ് ഒരു വാദം നിലനിൽക്കുന്നത്.
Story highlights- chamarel village