അൽ-നസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്ന് അരങ്ങേറ്റം; മത്സരം രാത്രി 11 ന്
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ-നസറിൽ ഇന്ന് അരങ്ങേറുകയാണ്. സൗദി പ്രോ ലീഗ് മത്സരത്തിൽ ഇത്തിഫാഖ് എഫ്സിക്കെതിരെയാണ് റൊണാൾഡോ ക്ലബിനായി ആദ്യ മത്സരം കളിക്കുന്നത്. റിയാദിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 11 നാണ് മത്സരം നടക്കുന്നത്. ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ടീം. അൽ-ഇത്തിഹാദാണ് ഒന്നാം സ്ഥാനത്തുള്ളത്.
കഴിഞ്ഞ ദിവസം സൗദിയിൽ റിയാദ് ഓൾ സ്റ്റാർ ഇലവനും ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയും തമ്മിൽ നടന്ന സൗഹൃദ മത്സരം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളായ മെസിയും റൊണാൾഡോയും വർഷങ്ങൾക്ക് ശേഷം ഏറ്റുമുട്ടിയ സൗഹൃദ മത്സരം ആവേശപ്പോരാട്ടമായി മാറുകയായിരുന്നു. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസി, നെയ്മർ, എംബാപ്പെ, റാമോസ് തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജി റൊണാൾഡോ നയിച്ച റിയാദ് ഓൾ സ്റ്റാർ ഇലവനെ പരാജയപ്പെടുത്തുകയായിരുന്നു. ഒൻപത് ഗോളുകൾ പിറന്ന മത്സരത്തിൽ റിയാദ് നേടിയ നാല് ഗോളുകൾക്കെതിരെ അഞ്ച് ഗോളുകൾ അടിച്ചാണ് പിഎസ്ജി ജയിച്ചത്.
ലോകകപ്പിന് ശേഷം ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരുന്ന മത്സരം കൂടിയായിരുന്നു പിഎസ്ജിയും റിയാദ് സീസൺ ഇലവനും തമ്മിൽ ഏറ്റുമുട്ടിയ സൗഹൃദ മത്സരം. വർഷങ്ങൾക്ക് മുൻപ് സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡും ബാഴ്സിലോണയും തമ്മിൽ നടന്ന എൽ-ക്ലാസിക്കോ മത്സരങ്ങൾ റൊണാൾഡോയും മെസിയും തമ്മിലുള്ള പോരാട്ടമായി കൂടിയാണ് ആരാധകർ കണ്ടിരുന്നത്. ഒരു സമയത്ത് ഫുട്ബോൾ പ്രേമികൾ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന മത്സരമാണ് റൊണാൾഡോയുടെ റയലും മെസിയുടെ ബാഴ്സിലോണയും തമ്മിൽ ഏറ്റുമുട്ടിയിരുന്ന എൽ-ക്ലാസിക്കോ. ലോകത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ ടെലിവിഷനിൽ കണ്ടിരുന്ന മത്സരം കൂടിയായിരുന്നു ഇത്.
Story Highlights: Cristiano ronaldo first match with al-nassr