ഇന്ന് ജീവന്മരണ പോരാട്ടം; ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി 20 രാത്രി 7 ന്

January 29, 2023

ഇന്ന് നിർണായക പോരാട്ടത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ന്യൂസിലൻഡിനെതിരെയുള്ള ടി 20 പരമ്പരയിലെ രണ്ടാം മത്സരം ലഖ്‌നൗവിൽ വെച്ചാണ് നടക്കുന്നത്. ആദ്യ മത്സരം തോറ്റതോടെ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യയ്ക്ക് ഈ മത്സരം ഏറെ നിർണായകമാണ്. ഇന്ന് തോറ്റാൽ ടി 20 പരമ്പര ഇന്ത്യക്ക് നഷ്ടമാകും. അതേ സമയം ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ എല്ലാ ടി 20 പരമ്പരകളും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഈ പരമ്പരയിലും ടീം തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

രാത്രി 7 മണിക്കാണ് മത്സരം തുടങ്ങുന്നത്. രണ്ടാം ടി 20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ത്യൻ നിരയിൽ മാറ്റം ഉണ്ടായേക്കും എന്നാണ് സൂചന. കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ ഇഷാൻ കിഷനും ദീപക് ഹൂഡയ്ക്കും പകരം ജിതേഷ് ശർമ്മയെയും പൃഥ്വി ഷായെയും ടീമിൽ ഉൾപ്പെടുത്തിയേക്കാം. ആദ്യ ടി 20യിൽ തോറ്റെങ്കിലും വാഷിംഗ്ടൺ സുന്ദറിന്റെ പ്രകടനം ഇന്ത്യക്ക് അനുകൂലമായി. സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ആറാം നമ്പറിൽ 28 പന്തിൽ നിന്ന് 50 റൺസ് നേടുകയും ചെയ്തു.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

എന്നാൽ ന്യൂസിലൻഡ് രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്നിറങ്ങുന്നത്. ഡെവൺ കോൺവെയിൽ നിന്നും ഡാരിൽ മിച്ചലിൽ നിന്നും വീണ്ടും വലിയ ഇന്നിംഗ്‌സുകൾ ടീം പ്രതീക്ഷിക്കുന്നു. ഏകാന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യയും ന്യൂസിലൻഡും 23 ടി 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇരുവരും 10 മത്സരങ്ങൾ വീതം ജയിച്ച് ഒപ്പത്തിനൊപ്പം നിൽക്കുന്നു. മൂന്ന് മത്സരങ്ങൾ സമനിലയിലായി. ഇന്ത്യയിൽ ഒമ്പത് തവണയാണ് ഇരു ടീമുകളും മുഖാമുഖം വന്നത്. ഇതിൽ അഞ്ച് തവണ ഇന്ത്യ വിജയിച്ചപ്പോൾ ന്യൂസിലൻഡ് നാല് കളി ജയിച്ചു.

Story Highlights: Crucial match today for india