“ഞാൻ ഇവിടെ ഹാപ്പിയാണ്, പക്ഷേ..’; കേരള ബ്ലാസ്റ്റേഴ്സിന്റെ യുക്രൈൻ താരം ഇവാൻ കൽയൂഷ്നി പറയുന്നു
ചുരുങ്ങിയ സമയം കൊണ്ടാണ് യുക്രൈൻ താരം ഇവാൻ കൽയൂഷ്നി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. വായ്പാടിസ്ഥാനത്തിലാണ് യുക്രൈൻ ക്ലബിൽ നിന്നും താരം ബ്ലാസ്റ്റേഴ്സിലേക്കെത്തിയത്. രാജ്യത്ത് നടക്കുന്ന യുദ്ധത്തെ തുടർന്ന് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് കുടുംബത്തോടൊപ്പം പോവാൻ തീരുമാനിച്ച സമയത്താണ് അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിൽ നിന്ന് ഓഫർ വരുന്നത്. അങ്ങനെയാണ് ആദ്യം പോളണ്ടിലേക്ക് പോവാൻ തീരുമാനിച്ച ഇവാൻ കേരളത്തിലെത്തിയത്.
ഇപ്പോൾ ഐഎസ്എല്ലിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇവാൻ. കേരള ബ്ലാസ്റ്റേഴ്സിൽ താൻ വളരെ ഹാപ്പിയാണെന്നാണ് താരം പറയുന്നത്. ഇവിടെ തുടരാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ യുക്രൈൻ ക്ലബിന്റെ തീരുമാനം അനുസരിച്ചാകും ഐസിഎല്ലിലെ തന്റെ ഭാവിയെന്നും ഇവാൻ പറയുന്നു. ഫ്രീ ഏജൻറ്റ് അല്ലാത്തത് കൊണ്ട് ക്ലബ് മാറുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.
അതേ സമയം തുടർച്ചയായ വിജയങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഐഎസ്എല്ലിൽ തുടർച്ചയായ എട്ടാം വിജയമാണ് മഞ്ഞപ്പട കഴിഞ്ഞ ദിവസം ജംഷഡ്പൂർ എഫ്സിക്കെതിരെ സ്വന്തമാക്കിയത്. നിരന്തരമായ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ അപ്പോസ്റ്റോലോസ് ജിയാനോവിലൂടെ കേരളം മുന്നിലെത്തി. ലീഡ് നേടിയ കേരളത്തെ കൂടുതൽ ആഘോഷിക്കാനനുവദിക്കാതെ ജംഷഡ്പൂർ പതിനേഴാം മിനിറ്റിൽ തിരിച്ചടിച്ചു. ദാനിയൽ ചീമയാണ് സ്കോർ ചെയ്തത്.
Read More: “ഡീഗോ ഇപ്പോൾ ചിരിക്കുന്നുണ്ടാവും..”; പെലെയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകർക്ക് നൊമ്പരമാവുന്നു
പിന്നീട് മുപ്പത്തിയൊന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മുതലാക്കി ഡിമിട്രിയോസിലൂടെ കേരളം 2-1 ലീഡ് നേടി. ഗോൾ നിലയിൽ മാറ്റമില്ലാതെ ആദ്യ പകുതി അവസാനിപ്പിച്ച കേരളം രണ്ടാം പകുതിയിൽ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. ക്യാപ്റ്റൻ ജസലിന് പകരം നിഷു കുമാർ ടീമിലെത്തി. രണ്ടാം പകുതിയുടെ അറുപത്തിയഞ്ചാം മിനിറ്റിൽ മിന്നും ഗോളിലൂടെ അഡ്രിയാൻ ലൂണ കേരളത്തിന്റെ ഗോൾ നേട്ടം മൂന്നാക്കി. തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ജംഷഡ്പൂർ മുന്നേറ്റങ്ങൾ ഏതാനും കൗണ്ടറുകളിൽ ഒതുങ്ങി. വിജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് മൂന്നാമതെത്തി.
Story Highlights: Ivan kalyuzhnyi opens up about his future in kerala blasters