“സിനിമയിൽ ഈ കൂട്ടായ്‌മ മാത്രമേ വിജയിച്ചിട്ടുള്ളു..”; ശ്രദ്ധേയമായ നിരീക്ഷണവുമായി ജഗദീഷ്

January 27, 2023

മലയാളികളുടെ ഇഷ്‌ട നടനായ ജഗദീഷ് നാൽപ്പതിലധികം ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ഇതിൽ മിക്ക ചിത്രങ്ങളും വലിയ ഹിറ്റുകളായിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു കാലഘട്ടത്തിലൂടെയാണ് ജഗദീഷ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ‘റോഷാക്ക്’ അടക്കമുള്ള ചിത്രങ്ങളിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചിട്ടുള്ളത്.

ഇപ്പോൾ ജഗദീഷ് ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ പ്രത്യേക അതിഥിയായി എത്തിയ ക്രിസ്‌മസ്‌ സ്പെഷ്യൽ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്. സിനിമയിലെ കൂട്ടായ്‌മകളെ പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ തിരുവനന്തപുരം ബെൽറ്റ്, കാലിക്കറ്റ് ബെൽറ്റ് അങ്ങനെയൊക്കെ ഉണ്ടോയെന്ന ചോദ്യത്തിന് സിനിമയിൽ ഒരു ബെൽറ്റ് മാത്രമേ ഉള്ളുവെന്നും അത് സക്‌സസിന്റെ ബെൽറ്റാണെന്നും ജഗദീഷ് മറുപടി പറഞ്ഞു.

അതേ സമയം എപ്പിസോഡിൽ ക്രിസ്‌മസിനോട് അനുബന്ധിച്ച് അതിമനോഹരമായ ഒരു ഗാനവും ജഗദീഷ് വേദിയിൽ ആലപിച്ചു. ‘ജീവിതം ഒരു ഗാനം’ എന്ന ചിത്രത്തിലെ “സത്യനായകാ മുക്തിദായകാ..” എന്ന ക്രിസ്‌തീയ ഭക്തിഗാനമാണ് ജഗദീഷ് പാടിയത്. എം എസ് വിശ്വനാഥൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read More: യുവാക്കളുടെ ഹരമായി മാറിയ ജോബ് കുര്യൻ കോഴിക്കോടിന്റെ മണ്ണിലേക്ക്; ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിന്റെ ആവേശം പടരുന്നു

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

Story Highlights: Jagadish about success belt in malayalam cinema