ക്യാൻസർ ബാധിതയായ കുഞ്ഞു മോളുടെ ഇഷ്‌ട ഗാനവുമായി പ്രിയ ഗായകൻ ആശുപത്രിയിൽ; കൂടെപ്പാടി കുടുംബം-വിഡിയോ

January 19, 2023

പലപ്പോഴും മനസ്സ് നിറയ്ക്കുന്ന ഒട്ടേറെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുക്കാറുണ്ട്. സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശം പകർന്ന് നൽകി പങ്കുവെയ്ക്കപ്പെടുന്ന ഇത്തരം വിഡിയോകൾ വൈറലായി മാറാറുമുണ്ട്. ഇതിൽ പലതും കണ്ണിൽ നനവ് പടർത്തുന്നതാണ്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

ക്യാൻസർ ബാധിതയായ ദലൈല എന്ന കുഞ്ഞു മോൾക്ക് അവളുടെ ഇഷ്‌ട ഗായകൻ നൽകിയ സർപ്രൈസാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. 8 വയസ്സുകാരിയായ ദലൈലയുടെ ഇഷ്‌ട ഗാനമാണ് ‘പ്ലെയിൻ വൈറ്റ് ടി’ എന്ന റോക്ക് ബാൻഡിന്റെ “ഹേ ദെയർ ദലൈല…” കഴിഞ്ഞ നാല് വർഷമായി ക്യാൻസറിനോട് പൊരുതുന്ന ദലൈല എല്ലാ ദിവസവും ഈ ഗാനം കേൾക്കാറുണ്ട്. ഒടുവിൽ ബാൻഡിലെ പ്രധാന ഗായകൻ തന്നെ ഈ കുഞ്ഞുമോൾക്ക് സർപ്രൈസുമായി നേരിട്ട് ആശുപത്രിയിലേക്ക് വരികയും അവളുടെ പ്രിയപ്പെട്ട ഗാനം ലൈവായി പാടി കേൾപ്പിക്കുകയുമായിരുന്നു. അവളും കുടുംബവും ഗായകനൊപ്പം പാടുന്ന നിമിഷങ്ങൾ കണ്ണിൽ നനവ് പടർത്തുന്നതാണ്.

Read More: ആള് മാന്യനാണ്; സൂപ്പർ മാർക്കറ്റിൽ കയറി ശല്യമുണ്ടാക്കാതെ മിഠായി എടുത്ത് തിരികെ പോവുന്ന കരടി-വിഡിയോ

നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തിരുന്നു. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.

Story Highlights: Little girl with cancer surprised by favourite singer