ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഗോൾ നേടി മെസി-വിഡിയോ

January 12, 2023

ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഖത്തറിലേത്‌.

ലോകകപ്പിനും ക്രിസ്‌മസ്‌-പുതുവർഷ ആഘോഷങ്ങൾക്കും ശേഷം കഴിഞ്ഞ ദിവസമാണ് മെസി പിഎസ്‌ജി ക്യാമ്പിൽ തിരികെയെത്തിയത്. പിഎസ്‌ജി കുപ്പായത്തിൽ വീണ്ടും കളത്തിലിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ മെസി ഗോൾ നേടിയിരിക്കുകയാണ്. ആങ്കേഴ്‌സിനെതിരെയാണ് മെസി ഗോൾ നേടിയത്. എംബാപ്പെയ്ക്ക് വിശ്രമം നൽകിയ മത്സരത്തിലാണ് മെസി ഗോൾ നേടിയത്.

അതേ സമയം കഴിഞ്ഞ ദിവസം തിരികെ പിഎസ്‌ജിയിലെത്തിയ മെസിയെ നെയ്‌മറിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് താരങ്ങളും സ്റ്റാഫും സ്വീകരിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ക്ലബ്ബിന്‍റെ സ്പോര്‍ട്ടിംഗ് ഡയറക്ടറായ ലൂയിസ് കാംപോസ് മെസിക്ക് മൊമെന്‍റോ നല്‍കി ആദരിച്ചു.എന്നാൽ പിഎസ്‌ജി പുറത്തുവിട്ട വിഡിയോയിൽ ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പിഎസ്‌ജി പങ്കുവെച്ച വിഡിയോയിലും ചിത്രങ്ങളിലുമൊന്നും എംബാപ്പെയെ കാണാനുണ്ടായിരുന്നില്ല.

Read More: നെയ്‌മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ

ഡിസംബർ 18 ന് നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്തവണത്തെ ഫൈനൽ മത്സരം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസി നിറവേറ്റിയത്.

Story Highlights: Messi scores for psg in the first match after world cup