നെയ്മർ പിഎസ്ജി വിടുന്നു; താരത്തെ വിൽക്കാനൊരുങ്ങി ഫ്രഞ്ച് ക്ലബ്
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ നെടുംതൂണായ താരങ്ങളിലൊരാളാണ് ബ്രസീൽ സൂപ്പർ താരം നെയ്മർ. എന്നാലിപ്പോൾ ക്ലബ് താരത്തെ വിൽക്കാനൊരുങ്ങുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025 വരെ കരാറുണ്ടെങ്കിലും ഉയർന്ന വേതനമാണ് നെയ്മറുടെ വില്‍പ്പനയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണിലും നെയ്മറിനെ വിൽക്കാൻ പിഎസ്ജി തയ്യാറായിരുന്നു. എന്നാൽ 150 മില്യൻ യൂറോ എന്ന ഭീമൻ തുക കാരണം ആരും മുന്നോട്ടുവന്നിരുന്നില്ല. ഇത്തവണ വില കുറയ്ക്കാനും ക്ലബ് ഒരുക്കമാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ് എന്നിവർ താരത്തെ നോട്ടമിട്ടിട്ടുണ്ടെന്നാണ് സൂചന. 50 മുതല്‍ 60 മില്യണ്‍ യൂറോ വരെയാണ് നെയ്മറിനായി പിഎസ്ജി പ്രതീക്ഷിക്കുന്നത്. 2017ൽ ബാഴ്സിലോണയില്‍ നിന്നും 222 മില്യൺ യൂറോയുടെ റെക്കോഡ് തുകയ്ക്കാണ് നെയ്മറിനെ പിഎസ്ജി ടീമിലെത്തിച്ചത്.
കഴിഞ്ഞ ദിവസം ലോകകപ്പ് വിജയത്തിന് ശേഷം തിരികെ പിഎസ്ജിയിലെത്തിയ മെസിയെ നെയ്മറിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് താരങ്ങളും സ്റ്റാഫും സ്വീകരിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ക്ലബ്ബിന്റെ സ്പോര്‍ട്ടിംഗ് ഡയറക്ടറായ ലൂയിസ് കാംപോസ് മെസിക്ക് മൊമെന്റോ നല്കി ആദരിച്ചു.എന്നാൽ പിഎസ്ജി പുറത്തുവിട്ട വിഡിയോയിൽ ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പിഎസ്ജി പങ്കുവെച്ച വിഡിയോയിലും ചിത്രങ്ങളിലുമൊന്നും എംബാപ്പെയെ കാണാനുണ്ടായിരുന്നില്ല.
Read More: നെയ്മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ
അതേ സമയം ലോകകപ്പിലെ ആദ്യ ക്വാർട്ടർ മത്സരത്തിൽ ബ്രസീൽ ക്രൊയേഷ്യയോട് തോൽവി സമ്മതിക്കുകയായിരുന്നു. അധിക സമയത്ത് മിന്നുന്ന പ്രകടനത്തിലൂടെ കാനറികൾ ആദ്യം ലീഡ് നേടിയെങ്കിലും ക്രൊയേഷ്യ കൃത്യമായ സമയത്ത് തിരിച്ചടിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി എന്ന കടമ്പയിൽ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണുടഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അധിക സമയത്തിന്റെ ആദ്യ പകുതിയിൽ നെയ്മറുടെ തകർപ്പൻ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. എന്നാൽ കാനറികളുടെ സന്തോഷത്തിന് മിനുട്ടുകളുടെ ആയുസ്സ് ഉണ്ടായിരുന്നുള്ളു. ബ്രൂണോ പെറ്റ്ക്കോവിച്ചിലൂടെ ക്രൊയേഷ്യ ഗോൾ മടക്കി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബ്രസീലിന് കാലിടറി.
Story Highlights: Neymar may leave psg