മെസിയും എംബാപ്പെയും ഇടം നേടിയ ‘ഫിഫ ദി ബെസ്റ്റ്’ ചുരുക്കപ്പട്ടികയിൽ റൊണാൾഡോയില്ല

January 13, 2023

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി സൗദിയിലാണ് പന്ത് തട്ടുന്നത്. വമ്പൻ വരവേൽപ്പാണ് സൗദി ക്ലബ് അല്‍- നസ്ര്‍ എഫ്‌സി താരത്തിനായി ഒരുക്കിയത്. ആയിരക്കണക്കിന് ആരാധകരാണ് ടീമിന്റെ ഹോം ഗ്രൗണ്ടായ മ്‌റസൂല്‍ പാര്‍ക്കില്‍ താരത്തെ കാണാനായി എത്തിയത്. ടീമിന്റെ ജേഴ്‌സിയിൽ കുടുംബത്തോടൊപ്പം ഗ്രൗണ്ടിലെത്തിയ താരം അതിന് ശേഷം രാത്രി നടന്ന പരിശീലന സെഷനിലും പങ്കെടുത്തു.

എന്നാലിപ്പോൾ റൊണാള്‍ഡോയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ശ്രദ്ധേയമാവുന്നത്. കഴിഞ്ഞ വർഷത്തെ ‘ഫിഫ ദി ബെസ്റ്റ്’ പുരസ്‌ക്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചപ്പോൾ റൊണാള്‍ഡോയ്ക്ക് അതിൽ സ്ഥാനം നേടാൻ കഴിഞ്ഞില്ല. പതിനാല് താരങ്ങളുൾപ്പെടുന്ന ചുരുക്കപ്പട്ടികയിലെ റൊണാൾഡോയുടെ അസാന്നിധ്യം ഇപ്പോൾ ചർച്ചാവിഷയമാവുകയാണ്. മെസി, എംബാപ്പെ, റോബർട്ട് ലെവൻഡോവ്സ്കി, ലൂക്ക മോഡ്രിച്ച്, നെയ്മർ, മുഹമ്മദ് സലാ, വിനീഷ്യസ് ജൂനിയർ അടക്കമുള്ള താരങ്ങൾ പട്ടികയിൽ സ്ഥാനം നേടിയിട്ടുണ്ട്.

അതേ സമയം നേരത്തെ സൗദിയിലെ ആരാധകരെ അഭിവാദ്യം ചെയ്‌ത്‌ റൊണാൾഡോ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു. യൂറോപ്പിലെ തന്റെ ദൗത്യം പൂർത്തിയായിയെന്നും ഇനി ഏഷ്യയാണ് തട്ടകമെന്നുമാണ് താരം പറഞ്ഞത്. ടീമിനായി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന് പറഞ്ഞ താരം ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്‌തു.

Read More: ഇന്ത്യൻ ടീമിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റനുമൊത്തുള്ള ചിത്രം- മിഥുന് ഇത് സ്വപ്ന സാക്ഷാത്കാരം

പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് ക്രിസ്റ്റ്യാനോയുടെ കരാർ. ജനുവരി 21 ന് മ്‌റസൂല്‍ പാര്‍ക്കില്‍ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ ക്ലബിനുവേണ്ടി റൊണാൾഡോ കളത്തിലിറങ്ങും. ആദ്യത്തെ രണ്ട് വർഷം ക്രിസ്റ്റ്യാനോ ക്ലബിൽ കളിക്കുമെന്നും അതിന് ശേഷം സൗദിയുടെ ഫുട്‌ബോൾ അംബാസഡറായി പ്രവർത്തിക്കുമെന്നുമാണ് സൂചന. 2030 ൽ ലോകകപ്പിന് വേദിയാവാൻ സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ വരവ് ഈ ശ്രമങ്ങൾക്ക് വലിയ ഊർജ്ജം പകരുമെന്നാണ് സൗദി കരുതുന്നത്.

Story Highlights: Ronaldo not included in fifa the best shortlist