റൊണാൾഡോ റയൽ ക്യാമ്പിൽ; ഫാൻ ബോയ് നിമിഷത്തിൽ കൈ വിറച്ച് യുവതാരം-വിഡിയോ

January 14, 2023

റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു സമയത്ത് ഫുട്‌ബോൾ പ്രേമികൾ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന മത്സരമാണ് റൊണാൾഡോയുടെ റയലും മെസിയുടെ ബാഴ്‌സിലോണയും തമ്മിൽ ഏറ്റുമുട്ടിയിരുന്ന എൽ-ക്ലാസിക്കോ. ലോകത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ ടെലിവിഷനിൽ കണ്ടിരുന്ന മത്സരം കൂടിയായിരുന്നു ഇത്.

ഇപ്പോൾ റൊണാൾഡോ വീണ്ടും റയൽ മാഡ്രിഡിന്റെ ക്യാമ്പിൽ എത്തിയിരിക്കുകയാണ്. റിയാദിൽ സ്‌പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനൽ മത്സരത്തിനെത്തിയ റയൽ ക്യാമ്പിലാണ് റൊണാൾഡോ സന്ദർശനം നടത്തിയത്. റയലിന്റെ പരിശീലകൻ കാർലോ ആഞ്ചലോട്ടിയെയും ഇതിഹാസ താരം റോബർട്ടോ കാർലോസിനെയും നേരിൽ കണ്ട് സൗഹൃദം പുതുക്കുകയും ചെയ്‌തു താരം.

പിന്നീട് ടീമിലെ യുവതാരങ്ങൾക്കൊപ്പം റൊണാൾഡോ ഫോട്ടോയും എടുത്തു. പല താരങ്ങൾക്കും അവരുടെ ജീവിതത്തിലെ വിലപ്പെട്ട നിമിഷമായി അത് മാറുകയായിരുന്നു. ബ്രസീലിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ അടക്കമുള്ള താരങ്ങൾ റൊണാൾഡോയെ കാണാനെത്തിയിരുന്നു.അതേ സമയം റൊണാൾഡോയ്‌ക്കൊപ്പം ഫോട്ടോ എടുക്കുന്നതിന് മുൻപ് പരിഭ്രമത്തോടെ ബ്രസീൽ താരം റോഡ്രിഗോ കൈ വിറച്ച് നിൽക്കുന്നതും വിഡിയോയിൽ കാണാം.

Read More: ഇന്ത്യൻ ടീമിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റനുമൊത്തുള്ള ചിത്രം- മിഥുന് ഇത് സ്വപ്ന സാക്ഷാത്കാരം

അതേ സമയം വമ്പൻ വരവേൽപ്പാണ് സൗദി ക്ലബ് അല്‍- നസ്ര്‍ എഫ്‌സി ക്രിസ്റ്റ്യാനോയ്ക്കായി ഒരുക്കിയത്. ആയിരക്കണക്കിന് ആരാധകരാണ് ടീമിന്റെ ഹോം ഗ്രൗണ്ടായ മ്‌റസൂല്‍ പാര്‍ക്കില്‍ താരത്തെ കാണാനായി എത്തിയത്. ടീമിന്റെ ജേഴ്‌സിയിൽ കുടുംബത്തോടൊപ്പം ഗ്രൗണ്ടിലെത്തിയ താരം അതിന് ശേഷം രാത്രി നടന്ന പരിശീലന സെഷനിലും പങ്കെടുത്തു. പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് ക്രിസ്റ്റ്യാനോയുടെ കരാർ. ജനുവരി 21 ന് മ്‌റസൂല്‍ പാര്‍ക്കില്‍ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ ക്ലബിനുവേണ്ടി റൊണാൾഡോ കളത്തിലിറങ്ങും.

Story Highlights: Ronaldo visited real madrid camp