പാവകളുടെ ദ്വീപ്; പിന്നില്‍ വിചിത്രമായ ഒരു കഥയും

January 13, 2023

കഥകള്‍ ഏറെ പറയാനുണ്ടാകും ഓരോ ദേശങ്ങള്‍ക്കും. ചിലത് നമ്മെ അതിശയിപ്പിക്കുമ്പോള്‍ മറ്റ് ചില ദേശങ്ങളുടെ കഥകള്‍ അദ്ഭുതപ്പെടുത്തുന്നു. വിചിത്രമായ ഒരു കഥയുണ്ട് ലാ ഇസ്ലാ ഡെ ലാസ് മുസെകാസ് എന്ന ദ്വീപിനും പറയാന്‍. മെക്‌സിക്കോ സിറ്റിയുടെ തെക്ക് ഭാഗത്തായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

പാവകളുടെ ദ്വീപ് എന്ന് ലാ ഇസ്ലാ ഡെ ലാസ് മുസെകാസിനെ വിശേഷിപ്പിക്കുന്നു. കാരണം എണ്ണിയാല്‍ തീരാത്ത അത്രേയും പാവകളുണ്ട് ഇവിടെ. അതും കാഴ്ചയില്‍ പേടി തോന്നും വിധത്തില്‍ മരച്ചില്ലകളിലും മറ്റും തൂക്കിയിട്ടിരിക്കുന്നു. ചില പാവകള്‍ക്ക് കൈകളില്ല, മറ്റ് ചിലതിന് തലയില്ല, കാലുകളില്ലാത്തതും വിചിത്ര രൂപമുള്ളതുമൊക്കെയായ പാവകള്‍ ഏറെയാണ് ഇവിടെ. എന്തിനേറെ പറയുന്നു ഇവിടെ സന്ദര്‍ശിക്കാനെത്തുന്നവര്‍ പോലും പാവകളെ ദ്വീപിലേയ്ക്ക് കൊണ്ടുവരാറുണ്ട്.

ഇനി ലാ ഇസ്ലാ ഡെ ലാസ് മുസെകാസ് ദ്വീപ് പാവകളുടെ ദ്വീപായതിനെക്കുറിച്ച്…. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദ്വീപില്‍ വസിച്ചിരുന്ന ഡോണ്‍ ജൂലിയന്‍ സാന്റാന ബരേര എന്നയാളാണ് ദ്വീപില്‍ ആദ്യമായി ഒരു പാവയെ തൂക്കിയത്. ഒരു ദിവസം കനാലില്‍ ഒരു പെണ്‍കുട്ടിയുടേയും അവളുടെ പാവയുടേയും മൃതദേഹം അദ്ദേഹം കണ്ടെത്തിയെന്നും അതിന്റെ ആത്മാവ് തന്നെ ഉപദ്രവിക്കാതിരിക്കാനാണ് പാവയെ മരത്തില്‍ തൂക്കിയിട്ടതെന്നുമാണ് പറയപ്പെടുന്നത്. എന്നാല്‍ അദ്ദേഹം ആ ശീലം തുടരുകയായിരുന്നു. ഏകദേശം അമ്പത് വര്‍ഷക്കാലം അദ്ദേഹം ദ്വീപില്‍ പല പാവകളേയും തൂക്കിയിട്ടു.

Read Also: ഇതൊരു വെറൈറ്റി തുമ്മലാണല്ലോ; ചിരി അടക്കാൻ ആവാതെ ഒരു കുഞ്ഞുവാവ-വിഡിയോ

കഥയിലെ വാസ്തവം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഈ ദ്വീപില്‍ നിറയെ പാവകള്‍ മാത്രമാണ്. കേടുപാടുകള്‍ സംഭവിച്ചതും കീറിത്തുടങ്ങിയതുമൊക്കെയായ പാവകള്‍ ഉണ്ട് ഇവിടെ. ആരും തന്നെ പഴകിയ പാവകളെ എടുത്തു മാറ്റാറില്ലെന്ന് ചുരുക്കം. പാവകളുടെ ദ്വീപിനെപ്പറ്റിയുള്ള വിചിത്രമായ കഥകള്‍ ലോകമറിഞ്ഞു തുടങ്ങിയതില്‍ പിന്നെ ഇവിടെ സന്ദര്‍ശിക്കാനെത്തുന്നവരും ദ്വീപില്‍ പാവകളെ തൂക്കിയിട്ടുതുടങ്ങി. 2001-ലാണ് ഡോണ്‍ ജൂലിയന്‍ സാന്റാന ബറേറ മരണപ്പെട്ടത്. കനാലില്‍ അദ്ദേഹത്തേയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Story highlights: The Island of the Dolls