“ഏതോ രാത്രി മഴ മൂളി വരും പാട്ട്..”; അഭിമന്യുവിന്റെ ആലാപനത്തിൽ മതിമറന്ന് വിധികർത്താക്കൾ

February 15, 2023

കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലുണ്ട്. മലയാളികളുടെ പ്രിയ പാട്ടുവേദിയുടെ മൂന്നാം സീസണിലും വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ച്ചവെയ്ക്കുന്നത്. ഇവരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു ഗായകനാണ് തിരുവനന്തപുരത്തുകാരനായ അഭിമന്യു.

ഇപ്പോൾ അഭിമന്യുവിന്റെ ഒരു പ്രകടനമാണ് വേദിയുടെ മനസ്സ് കവരുന്നത്. ഗാനഗന്ധർവ്വൻ യേശുദാസ് ആലപിച്ച ‘ബസ് കണ്ടക്ടർ’ എന്ന മമ്മൂട്ടി ചിത്രത്തിലെ “ഏതോ രാത്രി മഴ മൂളി വരും പാട്ട്..” എന്ന ഹിറ്റ് ഗാനമാണ് ഈ കൊച്ചു ഗായകൻ ആലപിച്ചത്. എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. അതിമനോഹരമായാണ് അഭിമന്യു വേദിയിൽ ഈ ഗാനം ആലപിച്ചത്.

നേരത്തെ മറ്റൊരു എപ്പിസോഡിൽ അഭിമന്യുവും വിധികർത്താവായ എം.ജി ശ്രീകുമാറും തമ്മിൽ നടന്ന ഒരു സംഭാഷണം വേദിയെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. വിധികർത്താക്കളുടെ പല ചോദ്യങ്ങൾക്കും ഒന്നാന്തരം തിരുവനന്തപുരം മലയാളത്തിലാണ് അഭിമന്യു മറുപടി നൽകിയത്. ബോഞ്ചി എന്താണെന്ന് ഗായിക അനുരാധ ചോദിക്കുമ്പോൾ അഭിമന്യുവിനോട് അതുണ്ടാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ പറയുകയായിരുന്നു എം.ജി ശ്രീകുമാർ. തുടർന്ന് വളരെ രസകരമായ രീതിയിൽ കൊച്ചു ഗായകൻ അത് വിശദീകരിക്കുകയായിരുന്നു.

Read More: ‘കരിങ്കാളിയല്ലേ, കൊടുങ്ങല്ലൂര് വാഴുന്ന പെണ്ണാള്..’- ഹൃദ്യമായി പാടി ലയനക്കുട്ടി

അതേ സമയം കഴിഞ്ഞ ദിവസം കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Story Highlights: Abhimanyu impresses audience with his performance