കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ; ജയിച്ചാൽ പ്ലേ ഓഫ്

February 11, 2023

നിർണായക പോരാട്ടത്തിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ ഇറങ്ങുന്നത്. ഐഎസ്എല്ലിലെ ഏറ്റവും ആവേശമുണർത്തുന്ന മത്സരമാണ് കേരള-ബംഗളുരു പോരാട്ടം. ലീഗിലെ ചിരവൈരികളാണ് ഇരു ടീമുകളും. അത് കൊണ്ട് തന്നെ ഇരുവരും ഏറ്റുമുട്ടുന്ന മത്സരം അഭിമാന പോരാട്ടമായി കൂടിയാണ് ആരാധകർ കാണുന്നത്. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരൂ.

ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ കേരളത്തിന് പ്ലേ ഓഫ് യോഗ്യത നേടാൻ സാധിക്കും. എന്നാൽ വളരെ മികച്ച ഫോമിലാണ് ബംഗളുരു എഫ്‌സി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ അഞ്ചിലും വിജയം കൊയ്താണ് ടീമിന്റെ മുന്നേറ്റം. ഇന്ത്യൻ യുവതാരം ശിവശക്തിയും വിദേശ താരം റോയ് കൃഷ്ണയും നയിക്കുന്ന ബംഗളുരുവിന്റെ ആക്രമണം അവസാന മത്സരങ്ങളിൽ വളരെയധികം മൂർച്ച കൂടിയിട്ടുണ്ട്. 17 മത്സരങ്ങളിൽ നിന്ന് 8 വിജയവും ഒരു സമനിലയും എട്ട് തോൽവിയുമായി 25 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബംഗളുരു എഫ്‌സി. കേരളം ആകട്ടെ 31 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ്. ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷ എഫ്‌സിക്ക് എതിരെ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സി പരാജയപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സിന് മുന്നോട്ട് കുതിക്കാനുള്ള ആവേശമായിട്ടുണ്ട്.

Read More: ഇത് കോഴിക്കോടുകാരുടെ സ്നേഹം; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ആദ്യ ഭാഗത്തിന് സമാനതകളില്ലാത്ത വരവേൽപ്പ്, ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ്

എന്നാൽ ആശങ്കയുളവാക്കുന്ന വാർത്തകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ ടീം ക്യാമ്പിൽ നിന്ന് പുറത്തു വരുന്നത്. പരുക്കിന്റെ പിടിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്. ടീം ക്യാമ്പിൽ പടർന്നു പിടിച്ച പനി താരങ്ങളുടെ ശാരീരിക ക്ഷമതയെ ബാധിച്ചിട്ടുണ്ട്. അവസാനമായി പനി റിപ്പോർട്ട് ചെയ്ത അപോസ്തലസ് ജിയാനുവിന് രോഗം ഭേദമായെന്ന് കേരള പരിശീലകൻ ഇവാൻ വുകുമനോവിച്ച് അറിയിച്ചിട്ടുണ്ട്. പ്രതിരോധ താരം ലെസ്‌കോവിച്ച് ട്രെയിനിങ്ങിൽ ഇറങ്ങുന്നുണ്ടെങ്കിലും ഇന്നത്തെ മത്സരം കളിക്കുന്ന കാര്യം സംശയമാണ്.

Story Highlights: Blasters vs bengaluru match today