വാളേന്തി നൃത്തം ചെയ്‌ത്‌ ക്രിസ്റ്റ്യാനോ; സൗദി സ്ഥാപക ദിനം ആഘോഷമാക്കി താരം-വിഡിയോ

February 23, 2023

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ-നസറിൽ എത്തിയതോടെ ഏഷ്യൻ ഫുട്‌ബോളിനാകെ വലിയ ഒരുണർവാണ് ലഭിച്ചിരിക്കുന്നത്. സൗദി ഫുട്‌ബോളിനെ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാൻ ക്രിസ്റ്റ്യാനോയുടെ സാന്നിധ്യത്തിന് കഴിയുമെന്നാണ് ഏവരും വിശ്വസിക്കുന്നത്. വലിയ വരവേൽപ്പാണ് താരത്തിനായി സൗദി ഒരുക്കിയത്.

ഇപ്പൊൾ സൗദി സ്ഥാപക ദിനം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. അറബ് പാരമ്പര്യ വേഷമണിഞ്ഞ് കൈയിൽ വാളേന്തി നൃത്തം ചെയ്യുന്ന റൊണാൾഡോയാണ് വിഡിയോയിലുള്ളത്. അൽ-നസറിലെ സഹകളിക്കാരും പരിശീലകൻ ഗ്രാസിയയും സൗദിയിലെ വേഷമണിഞ്ഞ് ക്രിസ്റ്റ്യാനോയോടൊപ്പം വിഡിയോയിലുണ്ട്.

അതേ സമയം കഴിഞ്ഞ മാസം സൗദിയിൽ റിയാദ് ഓൾ സ്റ്റാർ ഇലവനും ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയും തമ്മിൽ നടന്ന സൗഹൃദ മത്സരം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങളായ മെസിയും റൊണാൾഡോയും വർഷങ്ങൾക്ക് ശേഷം ഏറ്റുമുട്ടിയ സൗഹൃദ മത്സരം ആവേശപ്പോരാട്ടമായി മാറുകയായിരുന്നു. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസി, നെയ്‌മർ, എംബാപ്പെ, റാമോസ് തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരന്ന ഫ്രഞ്ച് ക്ലബ് പിഎസ്‌ജി റൊണാൾഡോ നയിച്ച റിയാദ് ഓൾ സ്റ്റാർ ഇലവനെ പരാജയപ്പെടുത്തുകയായിരുന്നു. ഒൻപത് ഗോളുകൾ പിറന്ന മത്സരത്തിൽ റിയാദ് നേടിയ നാല് ഗോളുകൾക്കെതിരെ അഞ്ച് ഗോളുകൾ അടിച്ചാണ് പിഎസ്‌ജി ജയിച്ചത്.

Read More: ഇന്ത്യൻ ടീമിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റനുമൊത്തുള്ള ചിത്രം- മിഥുന് ഇത് സ്വപ്ന സാക്ഷാത്കാരം

ലോകകപ്പിന് ശേഷം ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരുന്ന മത്സരം കൂടിയായിരുന്നു പിഎസ്‌ജിയും റിയാദ് സീസൺ ഇലവനും തമ്മിൽ ഏറ്റുമുട്ടിയ സൗഹൃദ മത്സരം. വർഷങ്ങൾക്ക് മുൻപ് സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡും ബാഴ്‌സിലോണയും തമ്മിൽ നടന്ന എൽ-ക്ലാസിക്കോ മത്സരങ്ങൾ റൊണാൾഡോയും മെസിയും തമ്മിലുള്ള പോരാട്ടമായി കൂടിയാണ് ആരാധകർ കണ്ടിരുന്നത്. ഒരു സമയത്ത് ഫുട്‌ബോൾ പ്രേമികൾ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന മത്സരമാണ് റൊണാൾഡോയുടെ റയലും മെസിയുടെ ബാഴ്‌സിലോണയും തമ്മിൽ ഏറ്റുമുട്ടിയിരുന്ന എൽ-ക്ലാസിക്കോ. ലോകത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ ടെലിവിഷനിൽ കണ്ടിരുന്ന മത്സരം കൂടിയായിരുന്നു ഇത്.

Story Highlights: Cristiano celebrates saudi foundation day