മെസി ബാഴ്‌സയിലേക്ക് തിരികെയെത്തുമോ; പ്രതികരണവുമായി താരത്തിന്റെ അച്ഛൻ

February 17, 2023

ഈ സീസൺ തീരുന്നതോടെ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജി വിടുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സൂപ്പർ താരങ്ങളായ മെസിയെയും നെയ്‌മറെയും പിഎസ്‌ജി കൈവിടാനൊരുങ്ങുന്നുവെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. പിഎസ്‌ജിയിൽ നിന്ന് ഇറങ്ങിയാൽ മെസി ഏത് ക്ലബ്ബിലേക്കാവും പോവുകയെന്ന കാര്യം ഇപ്പോൾ തന്നെ ഫുട്‌ബോൾ ലോകത്തെ വലിയ ചർച്ചാവിഷയമാണ്.

ലയണൽ മെസിയെ ഇതിഹാസ താരമാക്കിയ സ്‌പാനിഷ്‌ ക്ലബ്ബായ ബാഴ്സിലോണയിലേക്ക് അദ്ദേഹം തിരികെയെത്തും എന്ന രീതിയിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പലതും അഭ്യൂഹങ്ങൾ മാത്രമായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് മെസിയുടെ പിതാവായ ജോർജ് മെസി.

മെസി ഇനി ബാഴ്‌സയ്ക്കായി കളിക്കാനുള്ള സാധ്യത കുറവാണെന്നും അത്തരത്തിലൊരു ഓഫർ താരത്തിന്റെ മുൻപിൽ ഇല്ലെന്നുമാണ് ജോർജ് മെസി പറയുന്നത്. പിഎസ്‌ജിയിലെ കരാർ അവസാനിച്ചാൽ മെസി അമേരിക്കൻ ക്ലബ്ബിലേക്കോ സൗദി ക്ലബ്ബിലേക്കോ പോവാനുള്ള സാധ്യതയും ആരാധകർ തള്ളിക്കളയുന്നില്ല.

അതേ സമയം ഫുട്‌ബോളിൽ ലയണൽ മെസിക്ക് ഇനി നേടാനൊന്നും ബാക്കിയില്ല. ലോകകപ്പ് നേട്ടത്തോടെ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമാണ് താനെന്ന് മെസി തെളിയിച്ചു കഴിഞ്ഞു.മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം.

Read More: സച്ചിനെ വിസ്‌മയിപ്പിച്ച് 14 കാരിയുടെ ബാറ്റിംഗ്; വിഡിയോ പങ്കുവെച്ച് താരം

നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഖത്തറിലേത്‌. ഡിസംബർ 18 ന് നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.

Story Highlights: George messi about whether messi is returning to barcelona