“എൻറെ അമ്മയാണ് എൻറെ ഹീറോ..”; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ഇന്ത്യൻ ഫുട്‌ബോൾ താരത്തിന്റെ ഹൃദയസ്‌പർശിയായ കുറിപ്പ്

February 22, 2023

ഓരോ മനുഷ്യരുടെയും ജീവിതത്തിൽ അമ്മമാർ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരു വ്യക്തിയുടെ കാഴ്ച്ചപ്പാടുകളെയും സ്വഭാവ രൂപീകരണത്തെയുമൊക്കെ അമ്മമാർ ഏറെ സ്വാധീനിക്കാറുണ്ട്. തങ്ങളുടെ വിജയങ്ങളിൽ അമ്മമാർക്കുള്ള പങ്കിനെ പറ്റി പ്രശസ്‌തരും അല്ലാത്തവരുമായ നിരവധി ആളുകൾ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു കുറിപ്പാണ് ഏറെ ശ്രദ്ധേയമാവുന്നത്.

ഇന്ത്യയുടെ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ താരമായ സന്ധ്യ രംഗനാഥനാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. തന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ വിജയങ്ങളുടെയും കാരണം അമ്മയാണെന്നും അമ്മയുടെ പിന്തുണയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നുമാണ് സന്ധ്യ കുറിക്കുന്നത്. “ഇന്ന് ഞാൻ ആരാണോ അതിന് പിന്നിലെ കാരണം അമ്മയാണ്. രണ്ട് പെൺമക്കളുടെ സിംഗിൾ മദറായിരിക്കുക എന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ ഞങ്ങളുടെ ജീവിതം ഏറ്റവും മികച്ചതാക്കാൻ അവർ ഏറെ പരിശ്രമിച്ചു. എന്റെ പിന്തുണയുടെ ഏറ്റവും ശക്തമായ ഉറവിടം. ഒടുവിൽ ഞാൻ രാജ്യത്തിന് വേണ്ടി കളിക്കുന്നത് കാണാൻ അമ്മയ്ക്ക് ഭാഗ്യം ലഭിച്ചു. അതിൽ വളരെ സന്തോഷവും അഭിമാനവും ഉണ്ട്. എന്റെ അമ്മ, എന്റെ ഹീറോയാണ്.”- അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് സന്ധ്യ കുറിച്ചു.

Read More: അമ്മയുടെ അരുമയായ ലോക ചാമ്പ്യൻ; പ്രഗ്നാനന്ദയുടെ വിജയത്തിൽ ഒപ്പം നടന്നത് അമ്മ നാഗലക്ഷ്‌മി

അതേ സമയം കുറച്ചു നാൾ മുൻപ് കായിക ലോകത്ത് നിന്ന് ഏവർക്കും പ്രചോദനമായി മാറിയ മറ്റൊരു അമ്മയുടെ വാർത്ത ശ്രദ്ധേയമായി മാറിയിരുന്നു. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ തുടർച്ചയായി മൂന്നാം തവണയും വീഴ്ത്തി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ പ്രഗ്നാനന്ദയുടെ അമ്മയെ പറ്റിയുള്ള വാർത്തയാണ് ആളുകൾ ഏറ്റെടുത്തത്. ചെന്നൈയിലെ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ചുവളർന്ന പ്രഗ്നാനന്ദയുടെ ചെസ് യാത്രയിൽ അമ്മ നാഗലക്ഷ്മിയാണ് ഒപ്പം നടന്നത്. പ്രഗ്നാനന്ദയെ മത്സരങ്ങൾക്ക് കൊണ്ടുപോയിരുന്നതും ടെലിവിഷനിൽ മകൻ്റെ മത്സരങ്ങൾ കൃത്യമായി നിരീക്ഷിച്ചിരുന്നതും അമ്മ നാഗലക്ഷ്മി ആയിരുന്നു.

Story Highlights: Indian women football player about her mother