ഇന്ന് ജയിച്ചേ തീരൂ; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈക്കെതിരെ, തലവേദനയായി പരുക്ക്

February 7, 2023

കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഇറങ്ങുകയാണ്. നാല് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേ ഓഫിന് തൊട്ടടുത്താണ് ടീം. നാല് പോയിന്റുകൾ മാത്രം നേടിയാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് യോഗ്യത നേടാം. അതിനാൽ തന്നെ ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. കരോട്ടിൻ പ്രതിരോധ താരം ലെസ്‌കോവിച്ച് പരുക്കിൽ നിന്ന് മുക്തമായെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇന്നലെയും ടീമിനൊപ്പം ട്രെയിൻ ചെയ്യാത്തത് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൂടാതെ, മുന്നേറ്റ താരം അപോസ്തലസ് ജിയാനുവും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല.

പരുക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ വലയ്ക്കുന്നത്. വിദേശ താരങ്ങൾ അടക്കം ടീമിലെ പ്രധാന താരങ്ങൾക്ക് പരുക്ക് ബാധിച്ചതോടെ ആശങ്കയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്. പലർക്കും പനി ബാധിച്ചിരിക്കുകയാണ്. അടുത്ത നാല് മത്സരങ്ങളിൽ, എതിർ ടീമുകളുടെ ഫോമും പോയിന്റ് ടേബിളിലെ സ്ഥാനവും പരിശോധിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിന്റുകൾ നേടുന്നതിന് ഏറ്റവും നിർണായമാണ് ഇന്നത്തെ മത്സരം. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ചെന്നൈ ജയിച്ചത്.

അതേ സമയം മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസണെ മഞ്ഞപ്പടയുടെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തിയത്. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സഞ്ജുവിനെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെബിഎഫ്സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.

Read More: ‘ഡിബി നൈറ്റ്’ സംഗീതനിശയിലെ ഇഷ്ടപ്പെട്ട പെർഫോമറെ കമന്റ് ചെയ്യൂ; ടിക്കറ്റ് സ്വന്തമാക്കാം..

“സ്‌പോർട്‌സിലൂടെ വലിയ സ്വപ്‌നങ്ങൾ കാണാൻ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ക്ലബിന്റെ പൊതു ശ്രമത്തിൽ ഞങ്ങൾ ഒരുമിക്കുകയാണ്. ക്ലബ്ബിന്റെ ഗ്രാസ്റൂട്ട്-കമ്മ്യൂണിറ്റി സംരംഭങ്ങളും, ആരാധക ഇവന്റുകളും വിസ്തൃതമാക്കാനും, ക്ലബ്ബിനോടും ഗെയിമിനോടുമുള്ള താരത്തിൻ്റെ അഭിനിവേശം പങ്കിടാനും ഈ അംബാസഡർ റോളിൽ സഞ്ജുവിനൊപ്പം പ്രവർത്തിക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”-നിഖിൽ ഭരദ്വാജ് പറഞ്ഞു.

Story Highlights: Kerala blasters vs chennai match today