അവിശ്വസനീയം; മെസിയുടെ അമ്പരപ്പിക്കുന്ന മഴവിൽ ഫ്രീ കിക്ക്, ഓടിയെത്തി കെട്ടിപ്പുണർന്ന് എംബാപ്പെ-വിഡിയോ

February 20, 2023

മെസിയുടെ അവിശ്വസനീയമായ ഒരു മഴവിൽ ഫ്രീ കിക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ലിലിക്കെതിരെയുള്ള മത്സരം 3-3 എന്ന നിലയിൽ സമനിലയിൽ പിരിയുമെന്ന് കരുതിയ സമയത്താണ് തകർപ്പൻ ഫ്രീ കിക്കിലൂടെ മെസി പിഎസ്‌ജിയെ വിജയത്തിലേക്ക് നയിച്ചത്.

എന്നാൽ ഗോൾ നേടിയതിന് ശേഷമാണ് അതിമനോഹരമായ ഒരു നിമിഷത്തിന് സ്റ്റേഡിയം സാക്ഷിയായത്. ഗോൾ ആഘോഷിക്കാനായി മെസിയുടെ അടുത്തേക്ക് ആദ്യം ഓടിയെത്തിയത് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയായിരുന്നു. മെസിയെ ആഹ്ളാദത്തോടെ വാരിപ്പുണരുകയായിരുന്നു എംബാപ്പെ. മെസിയും എംബാപ്പെയും തമ്മിലുളള ബന്ധത്തിൽ വിള്ളലുണ്ടെന്ന വാർത്ത പടരുന്ന സമയത്താണ് അതീവ ഹൃദ്യമായ ഈ നിമിഷത്തിന് ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകർ സാക്ഷിയായത്.

അതേ സമയം ഫിഫ ദി ബെസ്റ്റ് പുരസ്ക്കാര പട്ടികയിൽ അവസാന മൂന്നിൽ മെസിയും എംബാപ്പെയും ഇടം നേടിയിട്ടുണ്ട്. ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസേമയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ലോകകപ്പ് വിജയമാണ് മെസിയെ അവസാന മുന്നിലെത്തിച്ചത്. ഫ്രാൻസിനെ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിനായി പുറത്തെടുത്ത നിർണായക പ്രകടനവും ഗോൾഡൻ ബൂട്ട് നേട്ടവുമാണ് എംബാപ്പെയ്ക്ക് പട്ടികയിൽ ഇടം നേടിക്കൊടുത്തത്. അതേ സമയം റയൽ മാഡ്രിഡിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് നിലവിലെ ബാലോൺ ഡി ഓർ ജേതാവ് കൂടിയായ കരീം ബെൻസേമയെ പട്ടികയിലെത്തിച്ചത്. എന്നാൽ കഴിഞ്ഞ തവണത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌ക്കാരത്തിന് അർഹനായ റോബ‍ർട്ട് ലെവൻഡോവ്സ്കിക്ക് അവസാന മൂന്നിൽ ഇടം നേടാനായില്ല.

Read More: ഇതൊരു ഒന്നൊന്നര ഫ്രീ കിക്ക്; നെയ്മറുടെ ഫ്രീ കിക്ക് കണ്ട് അമ്പരന്ന് എംബാപ്പെ-വിഡിയോ

അതേ സമയം മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഖത്തറിലേത്‌.

Story Highlights: Messi rainbow free kick