നടനവിസ്‌മയം വീണ്ടും പ്രേക്ഷകരിലേക്ക്; ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

February 19, 2023

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള സംവിധായകന്റെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് വീണ്ടുമെത്തുന്നത്. ഫെബ്രുവരി 23 നാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ജനുവരി 19 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയുടെ അമ്പരപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

അതേ സമയം പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയർ കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ‘നൻപകൽ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read More: തന്റെ പ്രിയപ്പെട്ട ഭക്ഷണം എത്തിയപ്പോൾ വിരാട് കോലിയുടെ രസകരമായ പ്രതികരണം; വിഡിയോ ഏറ്റെടുത്ത് ആരാധകർ

2021 നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിർമ്മിച്ചപ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Nanpakal nerathe mayakkam ott release