‘പഠാൻ’ തരംഗം ഇന്തോനേഷ്യയിലും; തിയേറ്ററുകൾ പൂരപ്പറമ്പാക്കി ആരാധകർ-വിഡിയോ

February 2, 2023

ബോളിവുഡിന് ഇത് തിരിച്ചു വരവിന്റെ കാലമാണ്. വമ്പൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ഹിന്ദി സിനിമ മേഖല ‘ബ്രഹ്മാസ്ത്ര’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങളിലൂടെ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എന്നാൽ പഠാന്റെ വമ്പൻ വിജയം ബോളിവുഡിന് പുതുജീവൻ നൽകിയിരിക്കുകയാണ്. ഇന്ത്യൻ ബോക്‌സോഫിസിനെ ഇളക്കിമറിക്കുകയാണ് ചിത്രം.

റിലീസ് ചെയ്‌ത്‌ രണ്ടാം ദിനം തന്നെ ചിത്രം 200 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനാണ് ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാട് നിന്നും 100 കോടി നേടിയിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണിത്. അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള കളക്ഷൻ 500 കോടിയിലെത്തിയിരുന്നു.

തിയേറ്ററുകളിൽ ചിത്രത്തെ ആഘോഷിക്കുകയാണ് ആരാധകർ. ഇപ്പോൾ ‘പഠാൻ’ പ്രദർശിപ്പിച്ച ഒരു ഇന്തോനേഷ്യൻ തിയേറ്ററിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ചിത്രത്തിലെ ഗാനത്തിനനുസരിച്ച് ചുവട് വെയ്ക്കുകയാണ് ഇന്തോനേഷ്യൻ ആരാധകർ.

അതേ സമയം മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ ഒരു വമ്പൻ തിരിച്ചു വരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയിരിക്കുന്ന ‘പഠാൻ’ ആരാധകരുടെ പ്രതീക്ഷ കാത്തുവെന്നാണ് അറിയാൻ കഴിയുന്നത്.

Read More: കോഴിക്കോടൻ മണ്ണിലെ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിൽ ആവേശം പകരാൻ ‘തൈകൂടം ബ്രിഡ്ജ്’

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജനുവരി 25 നാണ് ‘പഠാൻ’ റിലീസ് ചെയ്‌തത്‌. ദൃശ്യവിസ്മയമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിലുള്ളത്. ഷാരൂഖ് ഖാനും ജോൺ എബ്രഹാമും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളും ദീപിക പദുക്കോണിന്റെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും തിയേറ്ററുകളിൽ ആവേശം തീർക്കുകയാണ്.

Story Highlights: Pathan fans celebration in Indonesia