ലോകകപ്പിലെ താരമായ എൻസോയ്ക്ക് പൊന്നും വില; താരത്തെ ചെൽസി സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്
ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് എൻസോ ഫെർണാണ്ടസ്. മികച്ച പ്രകടനത്തിലൂടെ ലോകകപ്പിലെ മികച്ച യുവതാരമായും എൻസോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകകപ്പിന് ശേഷം പ്രമുഖ ക്ലബ്ബുകളൊക്കെ താരത്തെ നോട്ടമിട്ടിരുന്നു. എൻസോയെ ടീമിലെത്തിക്കാൻ നിരവധി ക്ലബ്ബുകൾ ലക്ഷ്യമിട്ടിരുന്നു.
ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ റെക്കോർഡ് തുകയ്ക്ക് ചെൽസി താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ്. 121 മില്യൺ യൂറോയ്ക്കാണ് പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽ നിന്ന് എൻസോ ചെൽസിയിൽ എത്തിയിരിക്കുന്നത്. എക്കാലത്തെയും വലിയ ആറാമത്തെ ട്രാൻസ്ഫർ തുകയാണ് ചെൽസി എൻസോയ്ക്കായി മുടക്കിയത്. വെറും 10 മില്യൺ യൂറോയ്ക്കാണ് എൻസോ ബെൻഫിക്കയിൽ എത്തിയത്.
അതേ സമയം ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു.
എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഖത്തറിലേത്. ഡിസംബർ 18 ന് നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടത്തിനാണ് ഖത്തർ സാക്ഷ്യം വഹിച്ചത്.
Story Highlights: Record transfer fee for enzo fernandez