തിരിച്ചുവരവിൽ ഭാവനയ്ക്ക് ആശംസകളുമായി ഷൈലജ ടീച്ചർ; ‘ന്‍റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ ഇന്ന് തിയേറ്ററുകളിലെത്തി

February 24, 2023

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തില്‍ തിരിച്ചെത്തിയത്. മാജിക്‌ ഫ്രെയിംസ് റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട ഷൈലജ ടീച്ചർ ഭാവനയ്ക്ക് ആശംസകൾ നേർന്ന് കൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധേയമാവുന്നത്. “നീണ്ട അഞ്ചു വർഷത്തിന് ശേഷം എല്ലാ വിഷമഘട്ടങ്ങളെയും അതിജീവിച്ച് ഭാവന തൻ്റെ തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്നു എന്നത് ഏറെ സന്തോഷകരമാണ്. ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള ചലച്ചിത്ര മേഖലയിൽ സജീവമാവുന്ന ഭാവനയ്ക്ക് അഭിനന്ദനങ്ങൾ. പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകളും”- ഭാവനയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ഷൈലജ ടീച്ചർ കുറിച്ചു.

ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ബാല്യകാല പ്രണയം, നഷ്ടപ്രണയം എന്നിവ പശ്ചാത്തലമാകുന്ന ട്രെയ്‌ലർ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് “ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്” സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം അരുണ്‍ റഷ്ദി. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അദ്രി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Read More: മാധവൻ മുതൽ മഞ്ജു വാര്യർ വരെ; ഭാവനയെ സ്വീകരിക്കാൻ ആശംസകളുമായി താരങ്ങൾ

അതേ സമയം സിനിമ മേഖലയിലെ നിരവധി പ്രമുഖർ ഭാവനയ്ക്ക് ആശംസകൾ നേർന്നിരുന്നു. നടൻ മാധവൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, പാർവതി, ജാക്കി ഷ്‌റോഫ്, ജിതേഷ് പിള്ള തുടങ്ങി നിരവധി അഭിനേതാക്കൾ ഭാവനയ്ക്ക് ആശംസകൾ നേർന്ന വിഡിയോ താരം തന്നെ പങ്കുവെച്ചിരുന്നു.

Story Highlights: Shailaja teacher wish for bhavana