ഇനിയില്ല, ‘ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?’ എന്ന വിളി- സുബിയുടെ ഓർമ്മയിൽ സുരഭി ലക്ഷ്മി

February 23, 2023

ടെലിവിഷൻ താരം സുബിയുടെ അപ്രതീക്ഷിത വിയോഗം മലയാളികൾക്ക് സമ്മാനിച്ചത് വലിയ നൊമ്പരമാണ്. ഇന്ന് വൈകിട്ടാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ഇപ്പോഴിതാ, സുബിയെക്കുറിച്ചുള്ള നടി സുരഭി ലക്ഷ്മിയുടെ ഓർമ്മക്കുറിപ്പ് ശ്രദ്ധനേടുകയാണ്. ഒന്നിച്ചുപ്രവർത്തിച്ചതിനെക്കുറിച്ചാണ് സുരഭി നൊമ്പരത്തോടെ പങ്കുവെച്ചിരിക്കുന്നത്.

‘ചേച്ചി വിളിക്കുമ്പോ നമ്മൾ ഏത് മൂഡിലാണെങ്കിലും ഫോൺ വെയ്കുമ്പോ നമ്മൾ ചിരിച്ച് മറിയും… “ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?” എന്ന് ചോദിച്ചാണ് വിളിക്കുക. പിന്നെ ഇല്ലത്തെ സംസാരമൊക്കെ കഴിഞ്ഞാണ് പറഞ്ഞു പിരിയുക. കഴിഞ്ഞ മാസം വിളിക്കുമ്പോഴും രോഗത്തിൻ്റെ കാര്യം പറയുകയോ ഒന്നും ചെയ്തില്ല. എനിക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ “നമ്മൾ കോമഡി ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, നിനക്ക് കിട്ടിയ അവാർഡ് നമ്മൾക്ക് എല്ലാവർക്കും കിട്ടിയത് പോലെയാണ്” എന്ന് പറഞ്ഞു വിളിച്ചത് ഇപ്പോഴും ഓർക്കുന്നു.. പ്രിയപ്പെട്ട എൻ്റെ ചേച്ചിക്ക് ആദരാഞ്ജലികൾ..’- സുരഭി ലക്ഷ്മി കുറിക്കുന്നു.

കാലങ്ങളായി ടെലിവിഷൻ സ്‌ക്രീനിലൂടെ ഓരോ സ്വീകരണമുറിയിലെയും സ്വന്തം താരമായി മാറിയ ആളാണ് സുബി സുരേഷ്. പുരുഷ കോമേഡിയന്മാർ അരങ്ങുവാണിരുന്ന മിമിക്രി വേദിയിലേക്ക് പെൺകരുത്തുമായി കടന്നുവന്ന സുബി സുരേഷ് വർഷങ്ങൾക്ക് ഇപ്പുറവും അറിയപ്പെടുന്നത് സിനിമാല എന്ന ജനപ്രിയ കോമഡി പരിപാടിയിലൂടെയാണ്. പിന്നീട്, നിരവധി സ്റ്റേജ് ഷോകളിലൂടെ ഹാസ്യതാരമായും നർത്തകിയായും സുബി സുരേഷ് അരങ്ങുവാണിരുന്നു.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

അതേസമയം, ഒരുമാസം മുൻപായിരുന്നു സുബി സുരേഷ് ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുത്തത്. ഒട്ടേറെ വിശേഷങ്ങളാണ് സുബി അന്ന് വേദിയിൽ പങ്കുവെച്ചത്. പ്രധാനമായും ഭാവി വരനെ വേദിയിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തി. അദ്ദേഹം, എഴുപവന്റെ താലിമാലയ്ക്ക് ഓർഡർ കൊടുത്ത് ഫെബ്രുവരിയിൽ കല്യാണം കഴിക്കാൻ ഇരിക്കുകയാണ് എന്നായിരുന്നു സുബി വേദിയിൽ പങ്കുവെച്ചത്. സുബിയുടെ വാക്കുകളും ഫ്‌ളവേഴ്‌സ് ഒരുകോടിയുടെ 428-മത്തെ എപ്പിസോഡും ആളുകളെ നൊമ്പരത്തിലാഴ്ത്തുകയാണ്.

Story highlights- surabhi lakshmi about subi suresh