ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിന് അർജന്റീന ഇറങ്ങുന്നു; 80,000 ടിക്കറ്റുകൾ വിറ്റുപോയത് വെറും രണ്ടര മണിക്കൂറിൽ

March 18, 2023
Argentina world cup team

ലോകചാമ്പ്യന്മാരായി ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് മെസിയുടെ അർജന്റീന. ഖത്തർ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ പനാമയെയാണ് അർജന്റീന നേരിടുന്നത്. ഖത്തറിൽ ട്രോഫി നേടിയതിന് ശേഷം ആദ്യമായി അർജന്റീന നാട്ടിൽ കളിക്കുന്നത് കാണാൻ ടിക്കറ്റിനായി ഓൺലൈൻ രജിസ്റ്റർ ചെയ്തത് ഒരു മില്യണിൽ അധികം ആളുകളാണ്. വെറും രണ്ടര മണിക്കൂറിനുള്ളിൽ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയതായി അർജന്റീനിയൻ മാധ്യമം ഫോക്സ് സ്പോർട്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 80,000 ടിക്കറ്റുകളാണ് അതിവേഗം വിറ്റുപോയത്. മാർച്ച് 24 നാണ് പനാമക്കെതിരെയുള്ള മത്സരം നടക്കുന്നത്. (Argentina’s first match after world cup)

ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഖത്തർ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഖത്തറിലേത്‌.

Read More: ഇന്ത്യൻ ഫുട്‌ബോളിന് പ്രതീക്ഷ; 2026 ഫുട്‌ബോൾ ലോകകപ്പിൽ 48 ടീമുകൾ

കഴിഞ്ഞ ഡിസംബർ 18 ന് നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.

Story Highlights: Argentina’s first match after world cup