പ്ലേ ഓഫ് വീണ്ടും നടത്തില്ല; ബ്ലാസ്റ്റേഴ്‌സിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

March 7, 2023

ഫുട്‌ബോൾ ലോകം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ചർച്ച ചെയ്‌ത കൊണ്ടിരിക്കുന്ന വിഷയമാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു താരം സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ. കേരള താരങ്ങളും ഗോളിയും തയ്യാറാവുന്നതിന് മുൻപ് തന്നെ ഛേത്രി തൊടുത്ത ഫ്രീ കിക്ക് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൻ്റെ അധികസമയത്താണ് വിവാദമുണ്ടായത്. ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌ക്കരിച്ച് കളം വിട്ടതിനെ തുടർന്ന് ബെംഗളൂരു വിജയിച്ചതായി റഫറി പ്രഖ്യാപിക്കുകയായിരുന്നു.

മത്സരം വീണ്ടും നടത്തണമെന്നും റഫറിയായ ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് നൽകിയ പരാതിയിൽ ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരം വീണ്ടും നടത്തില്ലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി പറഞ്ഞു. മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരായ അച്ചടക്ക നടപടി ഉടൻ തീരുമാനിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Read More: “ഭരണം ആരുടെ കൈയിലാണോ അവർ കായിക ലോകത്ത് ഇടപെടുമെന്നത് ശരിയാണ്..”; 24 ന്യൂസിനോട് മനസ്സ് തുറന്ന് സി.കെ വിനീത്

അതേ സമയം റഫറി ക്രിസ്‌റ്റൽ ജോണിന്റെ ഗോൾ അനുവദിക്കാനുള്ള തീരുമാനം തന്നെ തെറ്റായിരുന്നുവെന്നാണ് ഫുട്‌ബോൾ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. മുൻ റഫറി ഉൾപ്പെടെയുള്ളവർ ഈ നിലപാട് ഉള്ളവരാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. “അത് കൃത്യമായി റഫറിയുടെ പിഴവാണ്. ഫ്രീ കിക്ക് എതിർ ടീമിന് അപകടകരമായ സ്ഥലത്താണ് നൽകിയത്. അതുകൊണ്ട് തന്നെ ഗോൾ കീപ്പർ തയ്യാറായി, വാൾ സെറ്റ് ചെയ്തതിനു ശേഷം മാത്രം കിക്കെടുക്കാൻ റഫറി ശ്രദ്ധിക്കേണ്ടതായിരുന്നു. റഫറി ചെയ്തത് തെറ്റാണ്. വാർ ഉണ്ടായിരുന്നെങ്കിൽ ആ തീരുമാനം മാറിയേനെ.”- റഫറിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.

Story Highlights: Kerala blasters may face disciplinary action