‘തിരിച്ചുവരും, അതിശക്തമായി..’; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റ് ഏറ്റെടുത്ത് ആരാധകർ

March 6, 2023
Kerala blasters tweet

ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മത്സരമായി മാറിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിൽ നടന്ന സെമിഫൈനൽ പോരാട്ടം. നിർണായക സമയത്ത് ബെംഗളൂരു താരം സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു. ലീഗിൽ ആദ്യമായാണ് ഒരു ടീം മത്സരം ബഹിഷ്‌കരിക്കുന്നത്.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ച ഒരു ട്വീറ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘തിരിച്ചുവരും അതിശക്തമായി, നന്ദി കലൂർ’ എന്നാണ് ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്‌തത്‌. ട്വീറ്റ് വലിയ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൻ്റെ അധികസമയത്താണ് വിവാദമുണ്ടായത്. ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌ക്കരിച്ച് കളം വിട്ടതിനെ തുടർന്ന് ബെംഗളൂരു വിജയിച്ചതായി റഫറി പ്രഖ്യാപിക്കുകയായിരുന്നു. കേരള താരങ്ങളും ഗോളിയും തയ്യാറാവുന്നതിന് മുൻപ് തന്നെ ഛേത്രി തൊടുത്ത ഫ്രീ കിക്ക് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ക്വിക്ക് ഫ്രീ കിക്കായി താരത്തിന്റെ ഗോൾ കരുതാമെന്നും അതിനാൽ തന്നെ നിയമങ്ങൾക്കനുസരിച്ച് ഗോൾ കൊടുക്കുന്നതിൽ തെറ്റില്ലെന്നുമാണ് നിരവധി ആളുകൾ അഭിപ്രായപ്പെട്ടിരുന്നത്.

Read More: “ഭരണം ആരുടെ കൈയിലാണോ അവർ കായിക ലോകത്ത് ഇടപെടുമെന്നത് ശരിയാണ്..”; 24 ന്യൂസിനോട് മനസ്സ് തുറന്ന് സി.കെ വിനീത്

എന്നാൽ റഫറി ക്രിസ്‌റ്റൽ ജോണിന്റെ ഗോൾ അനുവദിക്കാനുള്ള തീരുമാനം തന്നെ തെറ്റായിരുന്നുവെന്നാണ് ഫുട്‌ബോൾ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. മുൻ റഫറി ഉൾപ്പെടെയുള്ളവർ ഈ നിലപാട് ഉള്ളവരാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. “അത് കൃത്യമായി റഫറിയുടെ പിഴവാണ്. ഫ്രീ കിക്ക് എതിർ ടീമിന് അപകടകരമായ സ്ഥലത്താണ് നൽകിയത്. അതുകൊണ്ട് തന്നെ ഗോൾ കീപ്പർ തയ്യാറായി, വാൾ സെറ്റ് ചെയ്തതിനു ശേഷം മാത്രം കിക്കെടുക്കാൻ റഫറി ശ്രദ്ധിക്കേണ്ടതായിരുന്നു. റഫറി ചെയ്തത് തെറ്റാണ്. വാർ ഉണ്ടായിരുന്നെങ്കിൽ ആ തീരുമാനം മാറിയേനെ.”- റഫറിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.

Story Highlights: Kerala blasters tweet goes viral