നായകൻ സൈജു കുറുപ്പ്; ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഭോജ്‌പുരി ദബാംഗ്‌സിന് കേരളത്തിനെതിരെ മികച്ച സ്‌കോർ

March 11, 2023
Kerala strikers ccl

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ C3 കേരള സ്ട്രൈക്കേഴ്‌സും ഭോജ്‌പുരി ദബാംഗ്‌സും തമ്മിലുള്ള മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ടോസ് നേടിയ കേരള ക്യാപ്റ്റൻ സൈജു കുറുപ്പ് ഭോജ്‌പുരി ദബാംഗ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇപ്പോൾ കേരളത്തിനെതിരെ മികച്ച ബാറ്റിങ്ങാണ് ഭോജ്‌പുരി താരങ്ങൾ കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. 5 ഓവറിൽ വിക്കറ്റ് നഷ്‌ടപ്പെടാതെ 71 റൺസാണ് ഭോജ്‌പുരി താരങ്ങൾ നേടിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഫ്‌ളവേഴ്‌സ് ടിവിയിലൂടെയാണ് മത്സരം സംപ്രേഷണം ചെയ്യുന്നത്. (C3 kerala strikers in ccl)

കുഞ്ചാക്കോ ബോബന്റെ അസാന്നിധ്യത്തിലാണ് സൈജു കുറുപ്പ് ഇന്ന് നായകനായി ഇറങ്ങിയിരിക്കുന്നത്. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ടീമിലുള്ളത്.

Read More: ടെസ്റ്റല്ല, ടി 20 തന്നെ; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ നിയമങ്ങൾ ഇങ്ങനെ

അതേ സമയം കഴിഞ്ഞ 3 മത്സരങ്ങളിലും കേരളത്തിന് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. 8 വിക്കറ്റിന്റെ കനത്ത പരാജയമാണ് കേരളം കർണാടക ബുൾഡോസേഴ്‌സിനോട് ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ 64 റൺസിന്റെ തോൽവിയാണ് കേരളം തെലുഗു വാരിയേഴ്‌സിനോട് ഏറ്റുവാങ്ങിയത്. ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19 ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരന്നിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമ താരങ്ങൾ വീണ്ടും ക്രിക്കറ്റിനായി മൈതാനത്തേക്ക് ഇറങ്ങിയിരിക്കുന്നത്. കൊവിഡ് കാരണം 2020 മുതൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നിരുന്നില്ല.

Story Highlights: Kerala vs bhojpuri match today