“കോച്ചിനൊപ്പം നിൽക്കും, ബലിയാടാക്കാൻ അനുവദിക്കില്ല..”; നിലപാട് വ്യക്തമാക്കി ‘മഞ്ഞപ്പട’
ഒരു പക്ഷെ സമീപകാലത്ത് ഇന്ത്യൻ ഫുട്ബോൾ ലോകം ഏറ്റവും ചർച്ച ചെയ്ത മത്സരമായി ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിൽ നടന്ന സെമിഫൈനൽ പോരാട്ടം മാറിയിരുന്നു. നിർണായക സമയത്ത് ബെംഗളൂരു താരം സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിക്കുകയായിരുന്നു. ലീഗിൽ ആദ്യമായാണ് ഒരു ടീം മത്സരം ബഹിഷ്കരിക്കുന്നത്. എന്നാൽ തിരികെ കേരളത്തിലെത്തിയ ബ്ലാസ്റ്റേഴ്സിനും കോച്ച് ഇവാൻ വുകോമനോവിച്ചിനും വമ്പൻ സ്വീകരണമാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ ‘മഞ്ഞപ്പട’ നൽകിയത്. (Manjappada support for ivan)
ഇപ്പോൾ കോച്ച് ഇവാനെ പിന്തുണച്ച് ‘മഞ്ഞപ്പട’ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഏറെ ശ്രദ്ധേയമാവുന്നത്. കോച്ചിന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹത്തെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നുമാണ് മഞ്ഞപ്പട കുറിച്ചത്.
“വളരെയധികം ബുദ്ധിമുട്ടേറിയ ദിനങ്ങളിലൂടെയാണ് നമ്മള് കടന്നുപോയത്. മുന്പോട്ട് പോവുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ ഇപ്പോഴും ഞങ്ങള്‍ അടിവരയിട്ട് പറയുന്നു. ഞങ്ങള്‍ പൂർണമായും കോച്ചിനെ പിന്തുണയ്ക്കുന്നു. തിരികെ കേരളത്തിലെത്തിയ അദ്ദേഹത്തിന് കിട്ടിയ സ്വീകരണം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.
ഐഎസ്എല്ലിലെ ഏറ്റവും പ്രൊഫഷണല്‍ കോച്ചുമാരില്‍ ഒരാളായ ഇവാന് എടുത്ത തീരുമാനം കേവലം അന്ന് നടന്ന സംഭവത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. മറിച്ച് കാലങ്ങളായി ഇന്ത്യന്‍ സൂപ്പർ ലീഗില്‍ എടുക്കപ്പെട്ടിട്ടുള്ള അനേകം തെറ്റായ തീരുമാനങ്ങള്‍ക്കെതിരെയാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്.
റഫറി ക്രിസ്റ്റല്‍ ആ സന്ദർഭം ശരിയായി കൈകാര്യം ചെയ്യേണ്ടതായിരുന്നു. ഈ സംഭവം അന്വേഷിച്ച എഐഎഫ്എഫ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഏക ഫുട്ബോളർക്ക് ഗോള്‍ നിലനിലനില്‍ക്കില്ല എന്ന് തോന്നിയത്, മറ്റു നാലുപേർക്കും അങ്ങനെ തോന്നാതിരുന്നതും ഇതോടൊപ്പം കൂട്ടിച്ചേർത്ത് വായിക്കേണ്ടതാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി ഐഎസ്എല്ലിലെ ടീമുകള്‍ റഫറിമാരുടെ ഇത്തരം തെറ്റായ തീരുമാനങ്ങള്‍ കാരണം ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അനവധി കോച്ചുകള്‍ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കനത്ത തിരിച്ചടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അറിയാമെങ്കിലും ഇത്തരമൊരു സംഭവം തെറ്റുകള്‍ക്ക് അറുതിവരുത്തുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
ക്ലബിന് വേണ്ടിയാണ് ഇവാന് ഇത്തരമൊരു പ്രവർത്തി ചെയ്തത്. ആയതിനാല്‍ അദ്ദേഹം തന്നെ ക്ലബിന്റെ അമരത്ത് തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായി ക്ലബ് അദ്ദേഹത്തോടൊപ്പം നിലനില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം അദ്ദേഹത്തെ ബലിയാടാക്കാനുള്ള ശ്രമങ്ങള്‍ക്കൊന്നും ഞങ്ങള്‍ കൂടെയുണ്ടാകില്ല എന്നും അതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല എന്നും അറിയിക്കുന്നു.
Read More: ‘തിരിച്ചുവരും, അതിശക്തമായി..’; കേരള ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റ് ഏറ്റെടുത്ത് ആരാധകർ
റഫറിമാരുടെ നിലവാരം ഉയർത്തിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരാധകരും ക്ലബുകളുമെല്ലാം ആവശ്യത്തില്‍ കൂടുതല്‍ അനുഭവിച്ചുകഴിഞ്ഞു. ലീഗിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് മൊത്തത്തില്‍ അഴിച്ചുപണി നടത്തേണ്ടിയിരിക്കുന്നു”- മഞ്ഞപ്പട ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Story Highlights: Manjappada extends their support to ivan