മെസിയുടെ പൊന്നിൽ പൊതിഞ്ഞ സമ്മാനം; അർജന്റീന ടീമംഗങ്ങൾക്ക് സമ്മാനമായി താരത്തിന്റെ വക 35 ഗോൾഡൻ ഐഫോണുകൾ

March 2, 2023
Messi golden iphone

കഴിഞ്ഞ ഖത്തർ ലോകകപ്പ് കായിക ചരിത്രത്തിലെ സുപ്രധാനമായ ഒരേടായി മാറും എന്ന കാര്യത്തിൽ സംശയമില്ല. ഫുട്‌ബോളിന്റെ മിശിഹ ലോകകപ്പ് നേട്ടത്തിലൂടെ ലോകത്തിന്റെ നെറുകയിൽ എത്തുകയായിരുന്നു. ഇതിഹാസ താരം ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഇത്. (messi gifts golden iphones)

ഇപ്പോൾ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ സഹതാരങ്ങൾക്ക് മെസി നൽകാൻ പോകുന്ന സമ്മാനമാണ് വാർത്തകളിൽ നിറയുന്നത്. സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകളാണ് മെസി ടീമിലെ സഹതാരങ്ങൾക്കും സപ്പോർട് സ്റ്റാഫിനും സമ്മാനമായി നൽകുന്നത്. 35 ഐഫോണുകളാണ് മെസി ഇതിനായി വാങ്ങിയിരിക്കുന്നത്. ഓരോ കളിക്കാരന്റെയും പേരും ജേഴ്‌സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്. ഏകദേശം 1.73 കോടിയാണ് മെസി ഇതിനായി ചിലവാക്കിയിരിക്കുന്നത്.

Read More: 50-ാം പിറന്നാളിന് സച്ചിന് അമൂല്യമായ സമ്മാനമൊരുങ്ങുന്നു; മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ താരത്തിന്റെ പ്രതിമ സ്ഥാപിക്കും

അതേ സമയം ഡിസംബർ 18 ന് നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ എന്ന അത്ഭുത മനുഷ്യൻ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.

Story Highlights: Messi gifts golden iphones to teammates