ഛേത്രിയുടെ ഗോൾ അനുവദിച്ചത് തെറ്റായ തീരുമാനമെന്ന് വിദഗ്ധാഭിപ്രായം; ബ്ലാസ്റ്റേഴ്സിന് പിന്തുണയേറുന്നു
ഇന്ത്യൻ ഫുട്ബോൾ ലോകത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിഷയമാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു താരം സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ. കേരള താരങ്ങളും ഗോളിയും തയ്യാറാവുന്നതിന് മുൻപ് തന്നെ ഛേത്രി തൊടുത്ത ഫ്രീ കിക്ക് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ക്വിക്ക് ഫ്രീ കിക്കായി താരത്തിന്റെ ഗോൾ കരുതാമെന്നും അതിനാൽ തന്നെ നിയമങ്ങൾക്കനുസരിച്ച് ഗോൾ കൊടുക്കുന്നതിൽ തെറ്റില്ലെന്നുമാണ് നിരവധി ആളുകൾ അഭിപ്രായപ്പെട്ടിരുന്നത്. (chhetri goal controversy blasters referee)
എന്നാൽ ധാർമികത, സ്പോർട്സ്മാൻ സ്പിരിറ്റ് എന്നീ നിലകളിൽ ബെംഗളൂരുവിന്റെയും റഫറിയുടെയും നിലപാട് തെറ്റാണന്നായിരുന്നു ഫുട്ബോൾ ആരാധകർ വാദിച്ചത്. വിവാദ തീരുമാനത്തെ തുടർന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ നിർദേശത്തെ തുടർന്ന് കളി ബഹിഷ്ക്കരിച്ചിരുന്നു.
ഇപ്പോൾ റഫറി ക്രിസ്റ്റൽ ജോണിന്റെ ഗോൾ അനുവദിക്കാനുള്ള തീരുമാനം തന്നെ തെറ്റായിരുന്നുവെന്നാണ് ഫുട്ബോൾ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മുൻ റഫറി ഉൾപ്പെടെയുള്ളവർ ഈ നിലപാട് ഉള്ളവരാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. “അത് കൃത്യമായി റഫറിയുടെ പിഴവാണ്. ഫ്രീ കിക്ക് എതിർ ടീമിന് അപകടകരമായ സ്ഥലത്താണ് നൽകിയത്. അതുകൊണ്ട് തന്നെ ഗോൾ കീപ്പർ തയ്യാറായി, വാൾ സെറ്റ് ചെയ്തതിനു ശേഷം മാത്രം കിക്കെടുക്കാൻ റഫറി ശ്രദ്ധിക്കേണ്ടതായിരുന്നു. റഫറി ചെയ്തത് തെറ്റാണ്. വാർ ഉണ്ടായിരുന്നെങ്കിൽ ആ തീരുമാനം മാറിയേനെ.”- റഫറിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൻ്റെ അധികസമയത്താണ് വിവാദമുണ്ടായത്. ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്ക്കരിച്ച് കളം വിട്ടതിനെ തുടർന്ന് ബെംഗളൂരു വിജയിച്ചതായി റഫറി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ തിരികെ കൊച്ചിയിലെത്തിയ ബ്ലാസ്റ്റേഴ്സ് ടീമിനും കോച്ചിനും വിമാനത്താവളത്തിൽ വമ്പൻ സ്വീകരണമാണ് ആരാധകർ നൽകിയത്.
Story Highlights: Referee was wrong in giving chethri’s goal according to experts