“കേരളം മനോഹരമാണ്, മലയാളികൾ സ്നേഹത്തോടെ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ..”; സുനിൽ ഛേത്രിയുടെ ഭാര്യ സോനത്തിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് ശ്രദ്ധേയമാവുന്നു

March 9, 2023

ഏറെ വിവാദമായ വിഷയമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രി നേടിയ ഗോൾ. ഫുട്‌ബോൾ ലോകം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ചർച്ച ചെയ്‌ത കൊണ്ടിരിക്കുന്ന വിഷയം കൂടിയാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു താരം നേടിയ വിവാദ ഗോൾ. കേരള താരങ്ങളും ഗോളിയും തയ്യാറാവുന്നതിന് മുൻപ് തന്നെ ഛേത്രി തൊടുത്ത ഫ്രീ കിക്ക് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൻ്റെ അധികസമയത്താണ് വിവാദമുണ്ടായത്. ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌ക്കരിച്ച് കളം വിട്ടതിനെ തുടർന്ന് ബെംഗളൂരു വിജയിച്ചതായി റഫറി പ്രഖ്യാപിക്കുകയായിരുന്നു.

ഇതിന് ശേഷം സോഷ്യൽ മീഡിയയിലും പുറത്തും ഛേത്രി വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ വളരെ രൂക്ഷമായി തന്നെ ഛേത്രിക്കെതിരെ പ്രതികരിച്ചിരുന്നു. മുംബൈ ആരാധകരിൽ നിന്നടക്കം സോഷ്യൽ മീഡിയയിലും വലിയ അധിക്ഷേപങ്ങളാണ് ഛേത്രി ഏറ്റുവാങ്ങിയത്. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സോനം പങ്കുവെച്ച ഇൻസ്റ്റഗ്രാം കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

Read More: “ഭരണം ആരുടെ കൈയിലാണോ അവർ കായിക ലോകത്ത് ഇടപെടുമെന്നത് ശരിയാണ്..”; 24 ന്യൂസിനോട് മനസ്സ് തുറന്ന് സി.കെ വിനീത്

”സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന വെറുപ്പും വിദ്വേഷവും നിരാശയും എല്ലാം നിങ്ങള്‍ ഉപേക്ഷിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഫുട്‌ബോളിനിടയിലും എങ്ങനെയാണ് സ്‌നേഹവും ദയയും ഇല്ലാതാവുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതിലൂടെ, അസഭ്യവര്‍ഷം നടത്തുന്നതിലൂടെയെല്ലാം നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? നിങ്ങള്‍ ലക്ഷ്യം നിറവേറ്റിയെന്ന് ഞാന്‍ കരുതുന്നു. പകയും വിദ്വേഷവുമെല്ലാം ഫൈനല്‍ വിസില്‍ മുഴുങ്ങുമ്പോള്‍ ഗ്രൗണ്ടില്‍ തന്നെ തീരണം. കേരളം മനോഹരമാണ്. അവിടത്തെ ജനങ്ങള്‍ സ്‌നേഹത്തോടെ മാത്രമെ സ്വീകരിച്ചിട്ടുള്ളൂ. കുറച്ചുപേര്‍ വെറുപ്പ് സമ്പാദിക്കുന്നുണ്ടെങ്കിലും എന്റെ കാഴ്ച്ചപാട് മാറില്ല”-സോനം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Story Highlights: Suni chhetri’s wife about kerala and malayalis