എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം, എന്റെ ഓർമ്മകൾ എല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നു- പ്രണയത്തിന്റെ 19 വർഷങ്ങൾ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

March 31, 2023

മാർച്ച് 31 വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യക്കും വളരെ പ്രിയപ്പെട്ടതാണ്. കോളേജിൽ ആരംഭിച്ച പ്രണയം പതിനേഴു വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് ഇരുവരും. കോളേജിൽ വെച്ച് കണ്ടുമുട്ടി, പ്രണയിച്ചു, 2012 ൽ വിവാഹിതരായി, രണ്ടു കുട്ടികൾ ജനിച്ചു അങ്ങനെ വളരുകയാണ് ആ പ്രണയകഥ.. 19 വർഷത്തെ പ്രണയകാലം പങ്കുവയ്ക്കുകയാണ് ഇപ്പോൾ വിനീത് ശ്രീനിവാസൻ.

‘മാർച്ച് 31.. ദിവ്യയും ഞാനും പ്രണയിച്ചുതുടങ്ങിയിട്ട് 19 വർഷമായി. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം, എന്റെ ഓർമ്മകൾ എല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങൾ കൗമാരത്തിൽ കണ്ടുമുട്ടുകയും അന്നുമുതൽ ഒരുമിച്ചുനിൽക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തരായ രണ്ട് ആളുകൾക്ക് ഇതുപോലെ ഒരുമിച്ചു സഞ്ചരിക്കാൻ കഴിയുന്നത് അതിശയകരമാണ്. അവൾ എല്ലാ ബഹളങ്ങളും ഇഷ്ടപ്പെടുമ്പോൾ ഞാൻ സമാധാനവും സ്വസ്ഥതയും ഇഷ്ടപ്പെടുന്നു. അവൾ വെജിറ്റേറിയനാണ്, എന്നെ സംബന്ധിച്ചിടത്തോളം നോൺ വെജ് ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. അവൾ സംഘടിതയാമായി പ്രവർത്തിക്കുന്നവളാണ്, ഞാൻ നേരെ മറിച്ചുമാണ്. അവളുടെ സ്ട്രീമിംഗ് വാച്ച് ലിസ്‌റ്റ് മിക്കവാറും ഡാർക്കാണ്, എന്റേത് സ്റ്റാൻഡ്-അപ്പുകൾ, സിറ്റ്-കോം, ഫീൽ ഗുഡ് എന്നിവയാണ്.

ചിലപ്പോൾ രാത്രിയിൽ ഞാൻ കണ്ണടച്ച് ഉറങ്ങുന്നതായി നടിക്കുമ്പോൾ ദിവ്യ എന്റെ കാതുകളിൽ മന്ത്രിക്കും, “കാര്യങ്ങളിൽ സമ്മർദ്ദം ചെലുത്തരുത്, ദയവായി വിനീത് ഉറങ്ങാൻ ശ്രമിക്കുക”. ഞാൻ അവളോട് ചോദിക്കും, “ഞാൻ ഉറങ്ങുകയല്ലെന്ന് നിനക്ക് എങ്ങനെ അറിയാം”? അവൾ പറയും, “നിങ്ങൾ ശ്വസിക്കുന്ന രീതിയിൽ നിന്ന്. നിങ്ങൾ യഥാർത്ഥത്തിൽ ഉറങ്ങുമ്പോൾ നിങ്ങളുടെ ശ്വാസത്തിന്റെ താളം തികച്ചും വ്യത്യസ്തമാണ്”. ഈ ചെറിയ കാര്യങ്ങൾ അവൾ എങ്ങനെ ശ്രദ്ധിക്കുന്നു, എനിക്ക് ഒരിക്കലും മനസ്സിലാകില്ല! വാർഷിക ആശംസകൾ ദിവ്യ !!’.

read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വിനീതിന്റെ ഭാര്യ ദിവ്യയും ഗായികയാണ്. കുടുംബവിശേഷങ്ങള്‍ പലപ്പോഴും വിനീത് ശ്രീനിവാസന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്‍ വിഹാന് കൂട്ടായി മകള്‍ പിറന്ന കാര്യവും വിനീത് ശ്രീനിവാസന്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. 2012 ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.

Story highlights- vineeth sreenivasan and wife celebrating 19 years of togetherness