‘ഇതിഹാസങ്ങൾക്കൊപ്പം..ഇതൊരു ഫാൻ ബോയ് മൊമെന്റ്..’- ചിത്രം പങ്കുവെച്ച് ബേസിൽ ജോസഫ്

April 2, 2023

ബേസിൽ ജോസഫിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സംവിധാനം ചെയ്‌ത ‘മിന്നൽ മുരളി’ ലോകമെങ്ങും വമ്പൻ ഹിറ്റായപ്പോൾ അദ്ദേഹം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജാനേമൻ’, ‘ജയ ജയ ജയഹേ’ അടക്കമുള്ള ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. സിനിമയെ വളരെയധികം സ്നേഹിക്കുന്ന ബേസിൽ, ഇപ്പോഴിതാ, ഒരു ഫാൻ ബോയ് മൊമെന്റ്റ് പങ്കുവെച്ചിരിക്കുകയാണ്.

എ ആർ റഹ്‌മാനും മണിരത്നത്തിനും ഒപ്പമുള്ള ചിത്രമാണ് ബേസിൽ ജോസഫ് പങ്കുവെച്ചിരിക്കുന്നത്. ‘ഈ ഇതിഹാസങ്ങൾ ഒന്നിലധികം വഴികളിൽ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇന്ന് എന്റെ ഫാൻബോയ് നിമിഷം അവർക്കൊപ്പം സംഭവിച്ചു’- ബേസിൽ ജോസഫ് കുറിക്കുന്നു.

അതേസമയം, മലയാള സിനിമയെ ലോക പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ചിത്രമാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി.’ മലയാള സിനിമയ്ക്ക് ഏറെ പുതുമയുള്ള ഒരു സൂപ്പർഹീറോ സിനിമയായി ഒരുങ്ങിയ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സൂപ്പർഹീറോ ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആളുകളാണ് സിനിമയ്ക്ക് പ്രശംസയുമായി രംഗത്ത് എത്തിയിരുന്നത്.

നേരത്തെ ന്യൂയോർക് ടൈംസിന്റെ പ്രതിമാസ ലിസ്റ്റിൽ ഏറ്റവും മികച്ച 5 സിനിമകളിൽ ഒന്നായി മിന്നൽ മുരളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ റേറ്റിംഗ് കിട്ടിയ സിനിമ എന്ന നിലയിൽ ആഗോള തലത്തിലെ പല പ്രമുഖ ലിസ്റ്റുകളിലും ചിത്രം സ്ഥാനം നേടിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്‌ത ചിത്രം സ്ട്രീമിംഗ് സർവീസിന്റെ എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമകളിൽ ഒന്നായി മാറിയിരുന്നു.

Story highlights- basil joseph’s fan boy moment