‘നിറതിങ്കളേ..’- മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് ഗിന്നസ് പക്രു

April 24, 2023

മലയാളികളുടെ മനസ്സിൽ കൗതുകവും സ്നേഹവും ഒരുപോലെ നിറച്ച അഭിനേതാവാണ്‌ ഗിന്നസ് പക്രു. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റു ഭാഷകളിലും സുപരിചിതനാണ്. കഴിഞ്ഞ മാസമാണ് പക്രുവിന് രണ്ടാമത്തെ മകൾ പിറന്നത്. മകൾ പിറന്ന സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, കുഞ്ഞിനൊപ്പമുള്ള വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. നൂലുകെട്ട് ചടങ്ങിന്റെ വിഡിയോയാണ് ഗിന്നസ് പക്രു പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ കുഞ്ഞിനേയും കയ്യിലേന്തി താരം നിൽക്കുന്നത് കാണാം.

എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, നിരവധി സിനിമാതാരങ്ങളും ആരാധകരും ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. 2006 ലാണ് ഗിന്നസ് പക്രു, ഗായത്രിയെ വിവാഹം ചെയ്തത്.തന്റെ വിശേഷങ്ങളും സിനിമാ ഓർമ്മകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഗിന്നസ് പക്രു പങ്കുവയ്ക്കാറുണ്ട്. ഗിന്നസ് പക്രുവിന്റെ വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. മൂത്ത മകൾ ദീപ്ത കീർത്തി അച്ഛന്റെ വിശേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്.

Read Also: ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; മുത്തശ്ശിയുടെ മുടി പല നിറത്തിൽ ഡൈ ചെയ്തു കൊച്ചുമകൾ

 മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ പക്രു ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന പേരിൽ ഗിന്നസ് റെക്കോർഡിലും കയറി. 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി പക്രു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നടൻ എന്നതിലുപരി സംവിധായകൻ,നിർമാതാവ് തുടങ്ങിയ നിലയിലെല്ലാം ശ്രദ്ധേയനാകുകയാണ് പക്രു.

Story highlights- guinness pakru second child video