ഒരു കുഞ്ഞ് ശ്രമം -സഞ്ജു സാംസന്റെ ശബ്ദം അനുകരിച്ച് ജയറാം

April 2, 2023

ക്രിക്കറ്റ് താരം സഞ്ജു സാംസൺ നടൻ ജയറാമിന്റെ വീടുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ്. ഭാര്യ ചാരുവിനൊപ്പമാണ് സഞ്ജു ജയറാമിന്റെ വീട്ടിൽ അതിഥിയായി എത്താറുള്ളത്. ഈ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ ജയറാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ഐപിഎൽ പോരാട്ടത്തിന് ഒരുങ്ങുന്ന സഞ്ജു സാംസണ് രസകരമായ ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ജയറാം.

സഞ്ജുവിന്റെ ശബ്ദം അനുകരിച്ച് ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ. ‘ഒരു ചെറിയ ശ്രമം! എന്റെ സഹോദരൻ സഞ്ജു സാംസണ് മറ്റൊരു മികച്ച ipl2023 ആശംസിക്കുന്നു’- ജയറാം കുറിക്കുന്നു. അതേസമയം, സഞ്ജു വീട്ടിൽ വന്ന് പോയതിന് ശേഷം താൻ താരത്തിന്റെ ശബ്‌ദം അനുകരിച്ചു തുടങ്ങിയെന്ന് ജയറാം മുൻപ് പങ്കുവെച്ചിരുന്നു.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

വീട്ടിൽ പലപ്പോഴും താൻ സഞ്ജുവിന്റെ ശബ്‌ദത്തിൽ ഇപ്പോൾ സംസാരിക്കാറുണ്ടെന്നും കുറച്ചു കൂടി നന്നാക്കാനുണ്ടെന്നും അതിന് ശേഷം അധികം വൈകാതെ സഞ്ജുവിന്റെ ശബ്‌ദം താൻ സ്‌റ്റേജിൽ എത്തിക്കുമെന്നും ജയറാം പങ്കുവെച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് സഞ്ജുവിന്റെ ശബ്ദം അനുകരിച്ച് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

അതേ സമയം പൊന്നിയിൻ സെൽവന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടയിൽ ജയറാം നടൻ പ്രഭുവിനെ അനുകരിച്ചു കാണിച്ച് താരങ്ങളെയും ആരാധകരെയും പൊട്ടിച്ചിരിപ്പിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് രാവിലെ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവമാണ് ജയറാം വേദിയിൽ അഭിനയിച്ചു കാണിച്ചത്. അതോടൊപ്പം സംവിധായകൻ മണി രത്നം, നടൻ ജയം രവി എന്നിവരെയും ജയറാം വേദിയിൽ അനുകരിച്ചിരുന്നു.

Story highlights- jayaram imitates sanju samson