മേളത്തിന്റെ ആവേശം ദേ, ഈ മുഖത്തുണ്ട്- ചെണ്ടമേളം ആസ്വദിക്കുന്ന കുഞ്ഞുമിടുക്കൻ
പൂരവും മേളവുമെല്ലാം ആവോളം ആസ്വദിക്കുന്നവരാണ് മലയാളികൾ. ചെണ്ടപ്പുറത്ത് കോലുവീണാൽ അവിടെ ഉണ്ടാകും എന്ന ചൊല്ലുപോലും മലയാളികളെ കുറിച്ചുണ്ട്. പെരുന്നാളും ഉത്സവവും തുടങ്ങി കല്യാണങ്ങൾക്കുവരെ ഇപ്പോൾ പതിവാണ് ശിങ്കാരി മേളം. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലുമൊക്കെയാണ് വാദ്യമേളങ്ങളിലെ പതിവ് ഉപകരണങ്ങൾ. ഇവയെല്ലാംകൂടി ചേരുമ്പോഴുള്ള മേളപ്പെരുക്കത്തിൽ ആവേശം വാനോളം ഉയരുന്ന ഒരു കുഞ്ഞു മിടുക്കന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
ചുറ്റും നിൽക്കുന്നവരെയും വിഡിയോ പകർത്തുന്ന ക്യാമറകണ്ണുകളെയും ഈ മിടുക്കൻ ശ്രദ്ധിക്കുന്നില്ല. മേളത്തിനൊപ്പം കുഞ്ഞു മുണ്ടൊക്കെ അണിഞ്ഞ് നിൽക്കുന്ന ഈ കുട്ടിക്കുറുമ്പൻ ആസ്വദിക്കുന്നത് കാണുന്നവർക്കും കണ്ണിന് കുളിർമ പകരും. പൂരം കാണാത്തവർക്ക് പോലും ആ മേളത്തിന്റെ ആവേശം നിറയും. കയ്യിൽ താളം പിടിച്ച് തലയൊക്കെ ആട്ടി ആസ്വദിക്കുമ്പോൾ മുഖത്തും മിന്നി മറയുന്നത് ഒരായിരം ഭാവങ്ങളാണ്. എവിടെയാണ് എന്ന് വ്യക്തമല്ലാത്ത ഈ വിഡിയോയിൽ കുട്ടിയുടെ വിഡിയോ കൗതുകത്തോടെ പകർത്തുന്ന പോലീസുകാരെയും കാണാം.
കുസൃതി നിറഞ്ഞ കുരുന്നുകളുടെ വീഡിയോയും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. പാട്ടും നൃത്തവും കുറുമ്പ് നിറഞ്ഞ സംസാരവുമൊക്കയായി ദിവസേന ഒട്ടേറെ കുട്ടികളാണ് വൈറലായി മാറുന്നത്. അടുത്തിടെ സ്റ്റേജിൽ പാട്ടുപാടാനായി എത്തിയ രണ്ടു കുഞ്ഞുങ്ങളുടെ വിഡിയോയും ശ്രദ്ധനേടിയിരുന്നു. പാടാനായി എത്തിയപ്പോൾ പാട്ട് മറന്നുപോയി. എന്നാൽ, ഒട്ടു ശങ്കിക്കാതെ ഒപ്പം പാടാനെത്തിയ കുഞ്ഞനിയനോട് പറയുകയാണ്, ഈ മൈക്ക് ഒന്ന് പിടിക്ക്, ഉമ്മച്ചിയോട് പാട്ട് ഏതാണെന്നു ചോദിച്ചിട്ടുവരാം എന്ന്. രസകരമായ ഈ വിഡിയോയും ആളുകൾ ഏറ്റെടുത്തു.
Story highlights- child enjoying chendamelam